മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട പരാമര്‍ശം; അപകീര്‍ത്തിക്കേസില്‍ കെജ്‌രിവാളിന്റെ ഹരജി തള്ളി സുപ്രീം കോടതി
national news
മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട പരാമര്‍ശം; അപകീര്‍ത്തിക്കേസില്‍ കെജ്‌രിവാളിന്റെ ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st October 2024, 8:51 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി തള്ളി സുപ്രീം കോടതി.

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ വിചാരണ കോടതി അയച്ച സമന്‍സിനെ ചോദ്യം ചെയ്ത് കെജ്‌രിവാള്‍ നല്‍കിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.

ഗുജറാത്ത് സര്‍വകലാശാല നല്‍കിയ അപകീര്‍ത്തിക്കേസ് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ഗുജറാത്ത് സര്‍വകലാശാല രജിസ്ട്രാര്‍ പിയൂഷ് പട്ടേലാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്.

മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ 2023 മാര്‍ച്ച് 31ലെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

കെജ്‌രിവാളിന് പുറമെ എ.എ.പി നേതാവ് സഞ്ജയ് സിങ്ങിനും വിചാരണ കോടതി സമന്‍സ് അയച്ചിരുന്നു. സമന്‍സിനെ ചോദ്യം ചെയ്ത് സഞ്ജയ് സിങ്ങും സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

എന്നാല്‍ ഇരു നേതാക്കളുടെയും ഹരജി തള്ളിയതായി കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.സി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു നടപടി.

അതേസമയം സഞ്ജയ് സിങ് ഫയല്‍ ചെയ്ത ഹരജിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കെജ്‌രിവാളിന്റെ കേസെന്ന് അഭിഭാഷകന്‍ മനു സിങ്‌വി ചൂണ്ടിക്കാട്ടി. സര്‍വകലാശാല എന്തുകൊണ്ട് മോദിയുടെ ബിരുദം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നില്ല എന്ന് മാത്രമാണ് കെജ്‌രിവാള്‍ ചോദിച്ചതെന്ന് സിങ്‌വി കോടതിയില്‍ പറയുകയും ചെയ്തു.

എന്നാല്‍ കെജ്‌രിവാളിന്റെ ഹരജി കോടതി തള്ളുകയായിരുന്നു. കേസില്‍ തങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.

ഗുജറാത്ത് സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രധാനമന്ത്രിയുടെ ബിരുദം സര്‍വകലാശാല വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് സിങ്‌വിയ്ക്ക് മറുപടി നല്‍കുകയും ചെയ്തു.

Content Highlight: Supreme Court upholds summons in Gujarat University defamation case against Kejriwal’s remarks regarding Modi’s educational qualification