| Saturday, 4th February 2023, 9:18 am

ജഡ്ജിമാരുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിനൊരു റോളുമില്ല, നടപടി വൈകിപ്പിക്കുന്നത് സുഖകരമാവില്ല; കേന്ദ്രത്തോട് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജഡ്ജി നിയമനത്തിലും, സ്ഥലം മാറ്റത്തിലും നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിനുള്ള കൊളീജിയം ശിപാര്‍ശകളും സുപ്രീംകോടതി ജഡ്ജി നിയമനവും ഇനിയും വെച്ചുതാമസിപ്പിച്ചാല്‍ തങ്ങളെടുക്കുന്ന നിലപാട് കേന്ദ്ര സര്‍ക്കാരിന് സുഖകരമാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അഞ്ച് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള കൊളീജിയത്തിന്റെ ശിപാര്‍ശ വൈകാതെ അംഗീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോണി ജനറല്‍ (എ.ജി) വെങ്കിട്ട രമണി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിനുള്ള ഉത്തരവുമായി ബന്ധപ്പെട്ട വിഷയം അടുത്ത തവണ കേള്‍ക്കാനായി മാറ്റിവെക്കണമെന്നായിരുന്നു എ.ജിയുടെ ആവശ്യം.

എന്നാലതില്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് രൂക്ഷമായ അതൃപ്തി പ്രകടിപ്പിച്ചു. സ്ഥലംമാറ്റ ശിപാര്‍ശകള്‍ നടപടി എടുക്കാതിരിക്കുന്നത് ഏതാനും ജഡ്ജി നിയമനം വൈകിപ്പിക്കുന്നതിനേക്കള്‍ ഗൗരവമേറിയ അതിക്രമമാണെന്ന് കിഷന്‍ കൗള്‍ കേന്ദ്രത്തെ ഓര്‍മിപ്പിച്ചു.

സ്ഥലംമാറ്റത്തിന് നേരത്തെ ശിപാര്‍ശ ചെയ്യപ്പെട്ടവരില്‍ ഒരു ജഡ്ജി ഫെബ്രുവരി 19ന് വിരമിക്കുകയാണെന്ന് അറിയാമല്ലോ എന്നും സുപീംകോടതി ബെഞ്ച് എ.ജിയോട് ചോദിച്ചു.

സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കാത്തത് തങ്ങളെ വല്ലാതെ പ്രശ്‌നത്തിലാക്കുന്നുണ്ടെന്ന് ജസ്റ്റിസ് കൗള്‍ പറഞ്ഞു. ഒരു കോടതിയില്‍ സേവനമനുഷ്ഠിക്കുന്ന ജഡ്ജിയെ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി കരുതുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അത് നടപ്പാക്കാതിരിക്കുന്നത് മറ്റെന്തിനേക്കാളും ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പുതുതായി ജഡ്ജിയെ നിയമിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന് വല്ലതുമൊക്കെ പറയാനുണ്ടാകും. എന്നാല്‍, സ്ഥലംമാറ്റ കാര്യത്തില്‍ സര്‍ക്കാരിന് ഒരു റോളുമില്ല, മൂന്നാം കക്ഷിയെ ഇതിലിടപെടാന്‍ അനുവദിക്കില്ലെന്ന് തങ്ങള്‍ നേരത്തേ പറഞ്ഞതാണ്. അതിനാല്‍ സുഖകരമല്ലാത്ത ഒരു നിലപാട് തങ്ങളെക്കൊണ്ട് എടുപ്പിക്കരുതെന്നും ജസ്റ്റിസ് കൗള്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന്, ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിലും തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് 10 ദിവസം അനുവദിച്ച് കേസ് ഫെബ്രുവരി 13ലേക്ക് മാറ്റി.

സുപ്രീംകോടതിയിലെയും ഹൈക്കോടതിലെയും ജഡ്ജിമാരുടെ നിയമനത്തിനായുള്ള നടപടിക്രമ പത്രിക ഇതുവരെ തയാറാക്കിയിട്ടില്ലെന്ന് കേന്ദ്രം പാര്‍ലമെന്റിലും അറിയിച്ചിരുന്നു. കെ. മുരളീധരന്‍ എം.പിയുടെ ചോദ്യത്തിനുത്തരമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്.

സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരായി വിവിധ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര്‍, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ പേര് കഴിഞ്ഞ ഡിസംബര്‍ 13നാണ് കൊളീജിയം ശിപാര്‍ശ ചെയ്തത്.

പിന്നാലെ, കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ദലിനെയും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിനെയും സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു. സുപ്രീംകോടതിയില്‍ 34 ജഡ്ജിമാര്‍ വേണ്ടിടത്ത് നിലവില്‍ 27 പേരാണുള്ളത്.

Content Highlight: Supreme Court ultimatum to Central government to process judicial appointments

Latest Stories

We use cookies to give you the best possible experience. Learn more