[share]
[]ന്യൂദല്‍ഹി: തന്നെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന തിഹാര്‍ ജയിലില്‍ കഴിയുന്ന സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. പ്രമുഖ അഭിഭാഷകന്‍ രാം ജെത് മലാനി മുഖേന നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.
സഹാറാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ വാങ്ങുവാന്‍ ഒരു അന്താരാഷ്ട്ര ഇടപാടുകാരനെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ഇടപാടുകാര്‍ ജയിലിലേക്ക് വരാന്‍ തയ്യാറാകില്ല എന്നത് കൊണ്ട് വീട്ടുതടങ്കലിലേക്ക് മാറ്റണമെന്നമെന്നാണ് രാം ജെത്മലാനി കോടതിയില്‍ വാദിച്ചത്. എന്നാല്‍ റോയി ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
5000 കോടി രൂപ പണമായും അത്രയും തുക ബാങ്ക് ഗ്യാരന്റിയായും നല്‍കിയാല്‍ ജാമ്യം അനുവദിക്കാമെന്ന് നേരത്തെ കോടതി അറിയിച്ചിരുന്നെങ്കിലും അത്രയും തുക തങ്ങളുടെ കൈവശമില്ലെന്ന് സുബ്രതോ റോയി കോടതിയെ അറിയിക്കുകയായിരുന്നു.
നിക്ഷേപമായി ലഭിച്ച കോടികള്‍ 30 ലക്ഷത്തോളം വരുന്ന ഇടപാടുകാര്‍ക്ക് തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട നീണ്ട നിയമയുദ്ധമാണ് 65കാരനായ സുബ്രതോ റോയിയെയും രണ്ട് വിശ്വസ്തരെയും കുപ്രസിദ്ധമായ തിഹാര്‍ ജയിലിലെത്തിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായിരുന്ന സഹാറാ ഗ്രൂപ്പിന് 66,000 കോടി രൂപയും 36,000 ഏക്കര്‍ ഭൂമിയും കൈവശമുള്ളതായി അവരുടെ വെബ്‌സൈറ്റ് പറയുന്നു.