ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം; അത് ആരും ആഗ്രഹിച്ചിട്ട് ചെയ്യുന്നതല്ല; ഭിക്ഷാടനത്തിനെതിരായ ഹരജിയില്‍ സുപ്രീം കോടതി
national news
ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം; അത് ആരും ആഗ്രഹിച്ചിട്ട് ചെയ്യുന്നതല്ല; ഭിക്ഷാടനത്തിനെതിരായ ഹരജിയില്‍ സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th July 2021, 1:05 pm

ന്യൂദല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം ആരുടെയും വ്യക്തിപരമായ തെരഞ്ഞെടുപ്പ് അല്ലെന്നും ഇതു സംബന്ധിച്ച് വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടുകളെ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.

പൊതു സ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

ഭിക്ഷാടനം നിരോധിക്കണമെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.

‘ആദ്യം നിങ്ങള്‍ ശ്രമിക്കേണ്ടത് ആളുകള്‍ തെരുവിലെത്തുന്നത് തടയുക എന്നതാണ്. എന്തുകൊണ്ടാണ് ആളുകള്‍ തെരുവില്‍ ഭിക്ഷയാചിക്കുന്നത്? അത് ദാരിദ്ര്യം കൊണ്ടാണ്. ഒരു വരേണ്യവര്‍ഗ്ഗ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സുപ്രീം കോടതിക്ക് ഒരിക്കിലും ഇതിനെ സമീപിക്കാന്‍ സാധിക്കില്ല,’ ചന്ദ്രചൂഡ് പറഞ്ഞു.

ഇതിനെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഭിക്ഷയെടുക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കി കൊണ്ടുള്ള പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.

ഭിക്ഷക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ കൈമാറാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഹരജി രണ്ടാഴ്ചയ്ക്ക്‌ശേഷം വീണ്ടും പരിഗണിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Supreme court Turns Down Plea To Stop Street Begging Amid COVID