ടൂള്‍കിറ്റ് കേസ്; കോണ്‍ഗ്രസിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി
Toolkit Case
ടൂള്‍കിറ്റ് കേസ്; കോണ്‍ഗ്രസിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th July 2021, 7:56 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി സുപ്രീംകോടതി തള്ളി. രാജ്യദ്രോഹം തെളിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചിരുന്നത്.

ഇത്തരം നിസാര ഹരജികള്‍ സമര്‍പ്പിക്കപ്പെടുന്ന വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട സമയമായെന്ന് സുപ്രീം കോടതി പറഞ്ഞു. ഹരജിക്കാരന് ടൂള്‍കിറ്റിനോട് താല്‍പര്യമില്ലെങ്കില്‍ അതിനെ അവഗണിച്ചാല്‍ മാത്രം മതിയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

‘ഇത്തരം നിസാര ഹരജികള്‍ പരിഗണിക്കാനാവില്ല,’ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.

രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മോശമായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് തയ്യാറാക്കിയെന്നാണ് ബി.ജെ.പിയുടെ ആരോപണം.

അതേസമയം കേസുമായി ബന്ധപ്പെട്ട് ട്വിറ്റര് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനീഷ് മഹേശ്വരിയെ ദല്‍ഹി പൊലീസ് ചോദ്യം ചെയ്തതിരുന്നു.

മേയ് 18ന് ബി.ജെ.പി വക്താവ് സംപിത് പത്ര ഒരു കത്ത് ട്വീറ്റ് ചെയ്തിരുന്നു. കൊവിഡിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ പോരാട്ടത്തിന് കോണ്‍ഗ്രസ് പുറത്തിറക്കിയ ടൂള്‍കിറ്റ് എന്നാരോപിച്ചുകൊണ്ടുള്ള ഒരു കത്തായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.