| Friday, 16th July 2021, 3:22 pm

ജീവനേക്കാള്‍ വലുതല്ല ഒരു മതവികാരവും, ആളുകളെ പങ്കെടുപ്പിച്ച് കാന്‍വാര്‍ യാത്ര നടത്തില്ല; യു.പി. സര്‍ക്കാരിന് മുന്നറിയിപ്പുമായി സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരന്റെ ജീവിക്കാനുള്ള അവകാശത്തേക്കാള്‍ വലുതല്ല മതപരമായ ആചാരങ്ങളെന്ന് സുപ്രീം കോടതി. കൊവിഡ് തുടരുന്ന സാഹചര്യത്തില്‍ പ്രതീകാത്മകമായി കാന്‍വാര്‍ യാത്ര നടത്താനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തോടായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.

ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, ബി.ആര്‍. ഗവായി തുടങ്ങിയവരാണ് കേസ് പരിഗണിച്ചത്. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു തരത്തിലും കാന്‍വാര്‍ യാത്ര നടത്താന്‍ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

‘പ്രാഥമികമായി ജനങ്ങളുടെ ജീവന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. പൗരന്റെ ജീവിക്കാനുള്ള അവകാശവും ആരോഗ്യവും പരമോന്നതമാണ്. ഈ മൗലികാവകാശങ്ങള്‍ക്ക് താഴെയാണ് മതമടക്കമുള്ള മറ്റേത് വികാരങ്ങളും,’ കോടതി പറഞ്ഞു.

കാന്‍വാര്‍ യാത്ര നടത്താനുള്ള തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ ഉത്തരവിറക്കാന്‍ കോടതി നിര്‍ബന്ധിതരാകുമെന്ന് സുപ്രീം കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

‘നിങ്ങള്‍ക്ക് ഒരു അവസരം കൂടി തരാം. ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യാത്ര ഒരു തരത്തിലും സംഘടിപ്പിക്കരുത്. അല്ലെങ്കില്‍ ഇതിനെതിരെ ഉത്തരവ് പാസാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. ആര്‍ട്ടിക്കിള്‍ 21 പ്രകാരമാണ് സ്വമേധയാ കേസ് ഏറ്റെടുത്തത്,’ കോടതി പറഞ്ഞു.

പ്രതീകാത്മകമായി യാത്ര നടത്താനുള്ള അനുവാദം നല്‍കണമെന്നായിരുന്നു യു.പി. സര്‍ക്കാരിന്റെ വാദം. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച ഭക്തരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. ഗംഗാജലം ടാങ്കുകളിലാക്കി യാത്ര നടത്തുന്ന പ്രദേശത്ത് കൊണ്ട് വെക്കും എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും അതുകൊണ്ട് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യാത്ര സംഘടിപ്പിക്കാന്‍ 100 ശതമാനവും യു.പി. സര്‍ക്കാരിനെ അനുവദിക്കില്ലെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Supreme court to UP Govt in holding Kanwar Yathra

We use cookies to give you the best possible experience. Learn more