ന്യൂദല്‍ഹി: ‘രാമസേതു’വിന് ദേശീയ പൈതൃകപദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതി മാര്‍ച്ച് ഒമ്പതിന് പരിഗണിക്കും.
ബി.ജെ.പി എം.പി സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ ഹരജികളാണ് കോടതി പരിഗണിക്കാനിരിക്കുന്നത്.
താന്‍ സമര്‍പ്പിച്ച ഹരജി കുറെക്കാലമായി പരിഗണിക്കാതെ കിടക്കുകയാണെന്നും എത്രയും പെട്ടെന്ന് ഹരജി പരിഗണിക്കണമെന്നും ബുധനാഴ്ച കോടതിയില്‍ സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണക്ക് മുന്നിലായിരുന്നു ബി.ജെ.പി എം.പി ഇക്കാര്യം പറഞ്ഞത്.
ഇതേത്തുടര്‍ന്ന് മാര്‍ച്ച് ഒമ്പതിന് ഹരജി പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
ശ്രീലങ്കന്‍ തീരമായ മാന്നാര്‍ ദ്വീപിനും തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനും ഇടയിലുള്ള ലൈംസ്‌റ്റോണ്‍ പറ്റങ്ങളുടെ നിരയെയാണ് ‘രാമസേതു’ എന്ന് വിശേഷിപ്പിക്കുന്നത്.
നേരത്തെ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ സമയത്ത് പ്രഖ്യാപിച്ച ‘സേതുസമുദ്രം കനാല്‍ പ്രൊജക്ടി’നെതിരെ സുബ്രഹ്‌മണ്യന്‍ സ്വാമി സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യഹരജി സമര്‍പ്പിച്ചിരുന്നു.
രാമസേതുവിന്റെ ഭാഗമായ ലൈംസ്‌റ്റോണ്‍ പറ്റങ്ങള്‍ പദ്ധതിമൂലം നശിക്കും എന്നായിരുന്നു എം.പിയുടെ വാദം. ഇതിന് പിന്നാലെ പദ്ധതി 2007 വരെ നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.