'പിഎം നരേന്ദ്രമോദി' റിലീസ്: സുപ്രീം കോടതി ഇന്ന് തീരുമാനമെടുക്കും
national news
'പിഎം നരേന്ദ്രമോദി' റിലീസ്: സുപ്രീം കോടതി ഇന്ന് തീരുമാനമെടുക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th April 2019, 8:27 am

ന്യൂ‍‍ദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്ന ചിത്രം ‘പിഎം നരേന്ദ്രമോദി’യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സിനിമ ഏത് രീതിയിലാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സിനിമയ്ക്കെതിരെ ഹര്‍ജി നല്‍കിയ കോൺഗ്രസ് പ്രവർത്തകന് കോടതി ഒരു ദിവസത്തെ സമയം നൽകിയിരുന്നു. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ഇനിയും ചിത്രത്തിന് ലഭിക്കാത്തതിനാൽ ഈ കാര്യത്തിൽ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.

ഏപ്രിൽ 11നാണ് ചിത്രം റിലീസ് ചെയ്യുക. നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് വരെയുള്ള കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്. ഈ കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതി കക്ഷി ചേർത്തിരുന്നു. നടൻ വിവേക് ഒബറോയ് ആണ് ചിത്രത്തിലെ നായകൻ.

ചിത്രീകരണസമയത്ത് മഞ്ഞിലൂടെ നടന്നത് കാരണം വിവേക് ഒബ്‌റോയുടെ കാലിന് പരിക്കേറ്റത് വൻ വാർത്തയായിരുന്നു. മോദിയുടെ കഥാപാത്രം തന്നെ തേടി എത്തിയതിൽ താൻ അതീവ സന്തോഷവാനാണെന്നും തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇതെന്നും ഒബ്‌റോയ് പറഞ്ഞിരുന്നു. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.