| Thursday, 21st November 2019, 1:49 pm

എന്തുകൊണ്ട് ആ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല?; നിയന്ത്രണങ്ങളില്‍ ഉത്തരമില്ലാത്ത ജമ്മുകശ്മീര്‍ ഭരണകൂടത്തിനെതിരെ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടത്തോട് സുപ്രീംകോടതി. ഭരണകൂടത്തെ പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്രയോടാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.

നിയന്ത്രണത്തെക്കുറിച്ച് നല്‍കിയ എല്ലാ പരാതിക്കാര്‍ക്കും കൃത്യമായ മറുപടി നല്‍കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.

‘മേഹ്ത്ര, വിശദീകരണമാവശ്യപ്പെടുന്ന എല്ലാ പരാതിക്കാര്‍ക്കും വ്യക്തമായ മറുപടി നല്‍കണം. നിങ്ങളുടെ എതിര്‍ സത്യവാങ്മൂലത്തില്‍നിന്ന് മാത്രം ഞങ്ങള്‍ക്ക് ഒരു നിഗമനത്തിലെത്താന്‍ കഴിയുന്നില്ല. നിങ്ങള്‍ക്ക് കേസില്‍ വേണ്ടത്ര ശ്രദ്ധയില്ലെന്ന ധാരണ ഉണ്ടാക്കിയെടുക്കരുത്’, ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി, ബി.ആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദ്ദേശിച്ചു.

കേസിലെ കക്ഷികള്‍ വളരെ വിശദമായാണ് വാദങ്ങള്‍ നടത്തിയത്. അതിന് കേന്ദ്രം നല്‍കിയ മറുപടി തൃപ്തികരമല്ല. കേസിലെ കക്ഷികള്‍ക്ക് ജമ്മു കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് നല്‍കാത്തതെന്നും കോടതി ചോദിച്ചു.

പരാതിക്കാര്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളില്‍ പലതും വസ്തുതാ വിരുദ്ധമാണെന്നും എല്ലാത്തിനും കോടതിയില്‍ മറുപടി പറയാമെന്നും മെഹ്ത്ര അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജമ്മു കശ്മീരിലെ കരുതല്‍ തടങ്കല്‍ കേസുകളൊന്നും പരിഗണിക്കില്ലെന്ന് ജസ്റ്റിസ് രമണ വ്യക്തമാക്കി. സഞ്ചാരസ്വാതന്ത്ര്യം, മാധ്യമ നിയന്ത്രണം തുടങ്ങിയവ സംബന്ധിച്ച ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ബെഞ്ച് വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more