ന്യുദല്‍ഹി: ബി.ജെ.പിയേയും മോദി സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കിയ റാഫേല്‍ കരാര്‍ സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ കെ.എം ജോസഫ്, എസ്.കെ കൗള്‍ എന്നിരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറിലെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഡ്വ. വിനീത് ഡാണ്ടയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
Read Also : രണ്ട് മാസത്തിനിടെ കാസര്‍ഗോഡില്‍ ബി.ജെ.പിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം
റാഫേല്‍ കരാര്‍ സംബന്ധിച്ച വിശദാംശങ്ങളും എന്‍.ഡി.എ, യു.പി.എ സര്‍ക്കാരുകളുടെ കാലത്തെ കരാര്‍ തുക സംബന്ധിച്ച വിവരങ്ങളും സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ വിനീത് ഡാണ്ട പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
റാഫേല്‍ ടപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് തഹ്‌സീന്‍ പൂനവാല കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ച മറ്റൊരു ഹരജിയും സുപ്രീംകോടതിയിലുണ്ട്. റഫേല്‍ ഇടപാടിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണ ഏജന്‍സി അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
2015 ല്‍ നരേന്ദ്ര മോദിയുടെ പാരീസ് യാത്രയോടെയാണ് റാഫേല്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍വച്ചത്. യാതൊരു അറിയിപ്പും മുന്‍കൂട്ടി നല്‍കാതെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ ഇന്ത്യ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു.
യു.പി.എ സര്‍ക്കാരിന്റെ കാലത്തെ 126 വിമാനങ്ങള്‍ എന്ന കരാറല്ല, മറിച്ച് 36 വിമാനങ്ങള്‍ വാങ്ങുന്ന പുതിയ കരാറിലേക്കായിരുന്നു മോദി സര്‍ക്കാര്‍ നീങ്ങിയത്. പഴയ കരാറിന് നല്‍കേണ്ട പണം വളരെ കൂടുതലാണ് എന്ന കാരണത്താല്‍ കരാറില്‍നിന്ന് പിന്‍മാറുകയാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ പുതിയ കരാറില്‍ സാങ്കേതികവിദ്യയുടെ കൈമാറ്റം എന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ ആശയം പരിഗണിച്ചിട്ടില്ല.
58,000 കോടി രൂപയുടെ കരാറാണ് പ്രധാനമന്ത്രി 2016 സെപ്റ്റംബറില്‍ ഇതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ചത്.