| Tuesday, 13th April 2021, 8:33 am

റാഫേല്‍ കരാര്‍; ഹരജി പരിഗണിക്കുന്നത് എസ്.എ ബോബ്‌ഡെ വിരമിച്ച ശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റാഫേല്‍ കരാറിലെ പുതിയ വഴിത്തിരിവുകളുടെ പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീംകോടതി പരിഗണിക്കുക നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വിരമിച്ച ശേഷം. അഭിഭാഷകനായ എം.എല്‍ ശര്‍മ്മ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹരജിയാണ് റാഫേലില്‍ സുപ്രീംകോടതിയിലുള്ളത്.

നേരത്തെ റാഫേല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോള്‍ട്ട് ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെയാണ് ശര്‍മ്മ ഹരജി സമര്‍പ്പിച്ചത്.

2016 ല്‍ റാഫേല്‍ കരാറിനെതിരെ സമര്‍പ്പിച്ച ആദ്യ ഹരജിക്കാരിലൊരാളാണ് ശര്‍മ്മ.

ഫ്രഞ്ച് മാധ്യമമാണ് ഇത് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ചര്‍ച്ചാ വിഷയമായിരുന്നു റാഫേല്‍ യുദ്ധവിമാന കരാര്‍.

ഇതുവരെ സംഭവിച്ചത്-

ദസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് റാഫേല്‍ കരാര്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കിയ ഈ കരാര്‍ വലിയ വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും വഴിവെച്ചിരുന്നു.

രാജ്യത്തെ അഴിമതി വിരുദ്ധ ഏജന്‍സിയുടെ അന്വേഷണത്തെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടാണ് റാഫേല്‍ ഇടപാട് സംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍ പുറത്തുവിട്ടത്. കമ്പനിയില്‍ നടന്ന ഓഡിറ്റില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കരാര്‍ ഉറപ്പിച്ചതിന് പിന്നാലെ ദസ്സോയുടെ സബ് കോണ്‍ട്രാക്ടറായ ഡെഫിസിസ് സൊലൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിക്ക് 10,17,850 യൂറോ(ഏകദേശം 8.77 കോടി രൂപ) നല്‍കിയെന്നും ഫ്രഞ്ച് മാധ്യമം അവകാശപ്പെടുന്നു.

എന്നാല്‍ ആര്‍ക്കാണ് ഈ തുക കൈമാറിയതെന്നോ എന്തിനാണ് കൈമാറിയതെന്നോ സംബന്ധിച്ച വിവരങ്ങള്‍ ഫ്രഞ്ച് അഴിമതി നിരോധന ഏജന്‍സികള്‍ക്ക് മുന്‍പില്‍ കൃത്യമായി വിശദീകരിക്കാന്‍ ദസോള്‍ട്ടിന് കഴിഞ്ഞില്ലെന്ന് ഫ്രാന്‍സിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2018 ഒക്ടോബറില്‍ തന്നെ റാഫേല്‍ കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോള്‍ട്ട് തുക കൈമാറിയതായി ഫ്രഞ്ച് അഴിമതി നിയന്ത്രണ ഏജന്‍സിയായ ഫ്രാന്‍ഷിയൈസിന് മനസിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃത്യമായ വിശദീകരണം ഏജന്‍സി ആവശ്യപ്പെട്ടത്.

2016ല്‍ റാഫേല്‍ യുദ്ധവിമാന കരാര്‍ നടപ്പിലാക്കുന്നതില്‍ തീരുമാനമായതിന് പിന്നാലെ തന്നെ ഇന്ത്യയില്‍ നിന്നുള്ള സബ് കോണ്‍ട്രാക്ടര്‍ക്ക് തുക കൈമാറാമെന്ന് കമ്പനി സമ്മതിക്കുകയായിരുന്നു.

റാഫേല്‍ ജെറ്റിന്റെ 50 കൂറ്റന്‍ മോഡലുകള്‍ നിര്‍മ്മിക്കാനാണ് തുക കൈമാറിയത് എന്നാണ് കമ്പനി വിശദീകരണം നല്‍കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള മോഡലുകള്‍ നിര്‍മ്മിച്ചതിന് കൃത്യമായ തെളിവ് നല്‍കാന്‍ ദസോള്‍ട്ടിന് സാധിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Supreme Court to hear new Rafale PIL after CJI SA Bobde retires

We use cookies to give you the best possible experience. Learn more