ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ വിചാരണ തടവിലുള്ള തന്നെ വീട്ടുതടങ്കലിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത എന്‍.ഐ.എ നടപടിക്കെതിരെ ഗൗതം നവ്‌ലാഖ സുപ്രീം കോടതിയില്‍. നവ്‌ലാഖ സമര്‍പ്പിച്ച ഹരജി കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അറിയിച്ചു.
ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ കഴിഞ്ഞ ദിവസം നല്‍കിയ ഹരജിയും സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
സുപ്രീം കോടതി പുറപ്പെടുവിച്ച വിധി എന്‍.ഐ.എ നടപ്പാക്കാത്ത വിവരം നവ്‌ലാഖയുടെ അഭിഭാഷക നിത്യ രാമകൃഷ്ണന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.
നിലവില്‍ മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന നവ്‌ലാഖയെ എന്‍.ഐ.എ കോടതി കൂടി ഉത്തരവിട്ടാല്‍ മാത്രമേ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, നവ്‌ലാഖയെ താമസിപ്പിക്കാന്‍ ബന്ധുക്കള്‍ കണ്ടെത്തിയ വീടിന്റെ കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ എന്‍.ഐ.എ കോടതി ഉത്തരവ് പുറപ്പെടുവിപ്പിക്കാതെ ഇരിക്കുകയായിരുന്നു.
നവംബര്‍ പത്തിനാണ് ഗൗതം നവ്‌ലാഖയെ ഉപാധികളോടെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍, നവ്‌ലാഖ ആവശ്യപ്പെട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ലൈബ്രറിയുടെ മുകളിലെ കെട്ടിടത്തിലേക്ക് മാറണമന്നാണെന്നും, അത് അംഗീകരിക്കാനാവില്ലെന്നും എന്‍.ഐ.എക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിക്കുകയായിരുന്നു.
മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ആളാണ് നവ്‌ലാഖയെന്നും തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മോശം പാര്‍ട്ടിയല്ലെന്ന് നവ്‌ലാഖയുടെ അഭിഭാഷക നിത്യ രാമകൃഷ്ണന്‍ പ്രതികരിച്ചു.
അതേസമയം, 2018 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുന്ന 73 കാരനായ നവ്‌ലാഖയെ 48 മണിക്കൂറിനകം വീട്ടുതടങ്കലിലേക്ക് മാറ്റാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരുന്നു കോടതിയുടെ തീരുമാനം.
എന്നാല്‍, ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നതിനെ എന്‍.ഐ.എ അന്ന് തന്നെ ശക്തമായി എതിര്‍ത്തിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കിക്കൂടെയെന്ന് സുപ്രീം കോടതി ചോദിച്ചെങ്കിലും എന്‍.ഐ.എ വഴങ്ങിയിരുന്നില്ല. ഇതോടെ പ്രായവും ആരോഗ്യാവസ്ഥയും കണക്കിലെടുത്ത് വീട്ടുതടങ്കല്‍ അനുവദിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
കര്‍ശന വ്യവസ്ഥകളോടെയാണ് ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചത്. വീട്ടുതടങ്കലിന് നിയോഗിക്കുന്ന പൊലീസുകാരുടെ ചെലവിലേക്കായി നവി മുംബൈ സി.പിയുടെ പേരില്‍ 2.40 ലക്ഷത്തിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് കെട്ടിവെക്കണമെന്നായിരുന്നു കോടതിയുടെ ഒരു പ്രധാന വ്യവസ്ഥ. ഒരു മാസത്തിന് ശേഷം ഇത് റിവ്യൂ ചെയ്യുമെന്നും കുറ്റവിമുക്തനാകുമ്പോള്‍ പണം തിരികെ നല്‍കുമെന്നുമാണ് കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചത്.
ഗൗതം നവ്‌ലാഖയ്ക്ക് പങ്കാളിക്കൊപ്പം ജീവിക്കാമെന്നും പങ്കാളിയുടെ ഫോണ്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ആഴ്ചയിലൊരിക്കല്‍ കുടുംബത്തിലെ രണ്ടംഗങ്ങളെ കാണാനും കോടതി അനുമതി നല്‍കി. ജയിലില്‍ കഴിയവെ, നവ്‌ലാഖ ഫോണോ ലാപ്ടോപ്പോ മറ്റ് ആശയവിനിമയ ഉപകരണങ്ങളോ ഉപയോഗിക്കുന്നില്ലെന്നും പൊലീസ് നല്‍കുന്ന ഫോണ്‍ പൊലീസ് സാന്നിധ്യത്തില്‍ തന്നെ ദിവസം 10 മിനിട്ട് മാത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ത്വക്ക് അലര്‍ജി, ദന്ത പ്രശ്നങ്ങള്‍ എന്നിവയടക്കം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ തനിക്കുണ്ടെന്ന് നവ്‌ലാഖ കോടതിയെ അറിയിച്ചിരുന്നു. ക്യാന്‍സര്‍ സംശയിക്കുന്നതിനാല്‍ കൊളോനോസ്‌കോപ്പിക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. സഹോദരിയുടെ വീട്ടിലേക്ക് മാറ്റണമെന്ന അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
ഭീമാ കൊറേഗാവില്‍ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയ മാവോവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2018 ഓഗസ്റ്റില്‍ ഗൗതം നവ്‌ലാഖയടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തിയാണ് ഇവരെ തടങ്കലിലാക്കിയത്. ഇവരെ അര്‍ബന്‍ നക്സലുകള്‍ എന്നാണ് പൊലീസും മഹാരാഷ്ട്ര സര്‍ക്കാരും വിശേഷിപ്പിച്ചത്.
Content Highlight: Supreme Court to hear Gautam Navlakha’s house arrest pleas on Friday