| Monday, 4th February 2019, 1:19 pm

നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞതിനൊന്നും ഒരു തെളിവുമില്ല; തെളിവുണ്ടെങ്കില്‍ ഹാജരാക്കൂ; മമത സര്‍ക്കാര്‍ തെളിവു നശിപ്പിച്ചെന്ന ആരോപണത്തില്‍ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ പശ്ചിമബംഗാള്‍ സര്‍ക്കാറിനെതിരെ സി.ബി.ഐ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.

“നിങ്ങള്‍ എപ്പോഴാണ് ഹരജി ഫയല്‍ ചെയ്തത്? ഇന്നു രാവിലെ തന്നെ ഞങ്ങള്‍ അതു വായിച്ചിട്ടുണ്ട്. നിങ്ങളുടെ അപേക്ഷ വായിച്ചതുകൊണ്ടാണ് ഞങ്ങള്‍ കോടതിയിലെത്താന്‍ കുറച്ചു സമയം വൈകിയത്. നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് അതില്‍ യാതൊരു തെളിവുമില്ല.” ചീഫ് ജസ്റ്റിസ് പറഞ്ഞു.

Also read:ചുണയുണ്ടെങ്കില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരൂ; ഇത് ബംഗാളാണ് മറക്കേണ്ട; മോദിയെ വെല്ലുവിളിച്ച് മമത

എന്നാല്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കാന്‍ തക്കവണ്ണമുള്ള അസാധാരണ സംഭവങ്ങളാണ് നടന്നതെന്നാണ് ഇതിനോടു പ്രതികരിച്ചുകൊണ്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞത്.

ശാരദ തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവു ശേഖരിക്കാനായി കൊല്‍ക്കത്ത കമ്മീഷണര്‍ ഓഫീസിലേക്കു പോയ സി.ബി.ഐ ഓഫീസര്‍മാരെ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും മെഹ്ത ചൂണ്ടിക്കാട്ടി. ഇവരെ അറസ്റ്റു ചെയ്തതിനു പുറമേ സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവിന്റെ വസതി ബംഗാള്‍ പൊലീസ് വളഞ്ഞ് അദ്ദേഹത്തെ തടങ്കലിലാക്കിയെന്നും മെഹ്ത ആരോപിച്ചു.

യൂണിഫോമിലുള്ള ഉദ്യോഗസ്ഥരടക്കം ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്ന് ധര്‍ണ നടത്തുന്ന അസാധാരണ സാഹചര്യമാണ്. അതിനാല്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് കേസ് കേള്‍ക്കണമെന്നും മെഹ്ത ആവശ്യപ്പെട്ടു. തെളിവുകള്‍ ഇലക്ട്രോണിക് രൂപത്തിലുള്ളതാണെന്നും അത് നശിപ്പിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

“എല്ലാ തെളിവുകളും നശിപ്പിക്കപ്പെട്ടാലും അത് ഇലക്ട്രോണിക് രൂപത്തിലുള്ളതാണെങ്കില്‍ വീണ്ടെടുക്കാവുന്നതല്ലേ”യെന്ന് ഈ സബ്മിഷനോട് പ്രതികരിച്ചുകൊണ്ട് ബെഞ്ച് പറഞ്ഞു.

തെളിവ് നശിപ്പിക്കല്‍ പൊലീസ് കമ്മീഷണര്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

കേസ് ഇന്നു കേള്‍ക്കാനാവില്ലെന്നും നാളെ പത്തരയ്ക്ക് ഹരജി പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more