കെജ്‌രിവാളിന് ഇന്ന് അതിനിർണായകം; ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹരജി സുപ്രീം കോടതി പരി​ഗണിച്ചേക്കും
India
കെജ്‌രിവാളിന് ഇന്ന് അതിനിർണായകം; ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹരജി സുപ്രീം കോടതി പരി​ഗണിച്ചേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd March 2024, 7:57 am

ന്യൂദല്‍ഹി: ദല്‍ഹി മദന്യയക്കേസില്‍ വ്യാഴാഴ്ച അറസ്റ്റിലായതിന് പിന്നാലെ ഇ.ഡി നടപടി ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ. ദല്‍ഹി റൗസ് അവന്യൂ കോടതി രാവിലെ 10:30ന് ഹരജി പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പില്‍ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി ഹാജരാകും.

വ്യാഴാഴ്ച രാത്രി അടിയന്തര ഇടപെടലിനായി സുപ്രീം കോടതിയെ ആം ആദ്മി പാര്‍ട്ടി സമീപിച്ചെങ്കിലും കാര്യമുണ്ടായിരുന്നില്ല. കെജ്‌രിവാള്‍ തന്നെ നേരിട്ട് കേസ് വാദിക്കാനാണ് സാധ്യത.

ആര്‍ട്ടിക്കള്‍ 32 പ്രകാരമുള്ള റിട്ട് ഹരജിയാണ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. തന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടെന്നും ഇ.ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും കെജ്‌രിവാള്‍ കോടതിയില്‍ വാദിക്കും.

ഇന്നലെ രാത്രിയോടെയാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. രാത്രി തന്നെ അടിയന്തര വാദം കേള്‍ക്കാനുള്ള നീക്കവും എ.എ.പി നടത്തിയിരുന്നു. എന്നാല്‍ കോടതി അടിയന്തര വാദം കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല.

ഹോളി ആഘോഷങ്ങള്‍ക്ക് വേണ്ടി കോടതി ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് അവധി ആയിരിക്കും. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം വളരെ നിര്‍ണായകമാണ്.

അതിനിടെ, കെജ്‌രിവാളിനെ ഇന്ന് വിചാരണ കോടതിയില്‍ ഹാജരാക്കി ഇ.ഡി പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കും. കെജ്‌രിവാളിന്റെ വസതിയില്‍ ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെ ആയിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലില്‍ കെജ്‌രിവാൾ പൂര്‍ണമായി സഹകരിച്ചിരുന്നില്ലെന്ന് ഇ.ഡി പ്രതികരിച്ചു.

അറസ്റ്റിനെ തുടര്‍ന്ന് ദൽഹിയിൽ എ.എ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. നിലവില്‍ കെജ്‌രിവാളിന്റെ വസതിക്ക് സമീപത്തായി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടാലും ജയിലില്‍ നിന്ന് സംസ്ഥാനം ഭരിക്കുമെന്ന് എ.എ.പി നേതൃത്വം പ്രതികരിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതൃത്വം നേരത്തെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരെയും എ.എ.പി പ്രവര്‍ത്തകരെയും കടത്തിവിട്ടിരുന്നില്ലെന്നും മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞിരുന്നു.

Content Highlight: Supreme Court to hear bail plea of Delhi chief minister Arvind Kejriwal today