ന്യൂദല്‍ഹി: സഹാറ ഡയറി കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി. ചൊവ്വാഴ്ചയാണ് കോടതി ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
സഹാറ/ബിര്‍ള ഐ.ടി റെയ്ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജിയില്‍ വെള്ളിയാഴ്ച കോടതി വാദം കേള്‍ക്കും.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് സഹാറ ഗ്രൂപ്പില്‍ നിന്നും മോദി കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് രംഗത്തെത്തിയത്.
Don”t Miss: നോട്ടു നിരോധനം കൊണ്ട് കളളപ്പണത്തെ ഒന്നും ചെയ്യാനാവില്ലെന്ന് ‘മോദിയുടെ ഉപദേശകന്‍’
2013, 2014 കാലഘട്ടത്തില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെയും സഹാറ ഗ്രൂപ്പിന്റെയും ഓഫീസുകളില്‍ ആദായ നികുതി അധികൃതര്‍ നടത്തിയ റെയ്ഡില്‍ ഇതുസംബന്ധിച്ച രേഖകള്‍ ലഭിച്ചിരുന്നു. ഈ രേഖകള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയായിരുന്നു കെജ്‌രിവാള്‍ രംഗത്തുവന്നത്.
ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ നിന്നും മോദി 25 കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ബിര്‍ള ഗ്രൂപ്പിന്റെ ചില പദ്ധതികള്‍ക്ക് അനുമതി നല്‍കാനാണ് മോദി കൈക്കൂലി വാങ്ങിയതെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്.
“സ്വതന്ത്ര ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ പേര് കള്ളപ്പണക്കാരുടെ ലിസ്റ്റിലേക്ക് വരുന്നത്” എന്നു പറഞ്ഞുകൊണ്ടാണ് ദല്‍ഹി നിയമസഭയില്‍ കെജ്‌രിവാള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
മോദിക്കെതിരെ ആരോപണവുമായി പ്രശാന്ത് ഭൂഷണും രംഗത്തുവന്നിരുന്നു. സഹാറ, ബിര്‍ള കമ്പനികളില്‍ ആദായ നികുതി വകുപ്പും സി.ബി.ഐയും നടത്തിയ റെയ്ഡില്‍ ഉന്നത രാഷ്ട്രീയക്കാര്‍ക്ക് കൊടുത്ത പണത്തിന്റെ കണക്ക് കണ്ടെത്തിയിരുന്നെന്ന് പ്രശാന്ത് ഭൂഷണും പറഞ്ഞിരുന്നു.