കോടതി നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കാനാകില്ല; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി
national news
കോടതി നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കാനാകില്ല; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd May 2021, 1:47 pm

ന്യൂദല്‍ഹി: കോടതി വാക്കാല്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. മാധ്യമങ്ങള്‍ക്ക് എല്ലാം റിപ്പോര്‍ട്ടു ചെയ്യാമെന്നും സുപ്രീം കോടതി പറഞ്ഞു.

ഹൈക്കോടതിയുടെ ആത്മവീര്യം കെടുത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

‘കോടതിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വിനിമയം ചെയ്യുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ ശക്തമാണ്. നിങ്ങളുടെ വിധിന്യായങ്ങള്‍ മാത്രമല്ല, ചോദിക്കുന്ന ചോദ്യങ്ങളും പറയുന്ന ഉത്തരങ്ങളും സംഭാഷണങ്ങളും വരെ ജനങ്ങള്‍ക്ക് അറിയണം,’ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു.

കൊവിഡിന്റെ രണ്ടാം തരംഗം ശക്തമാകുന്നതിനിടെ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി മോശമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടു.

കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പു റാലികള്‍ നടത്തുന്നതിനെ വിലക്കാന്‍ സാധിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകക്കുറ്റം വരെ ചുമത്താം എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം.

കൊവിഡ് രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതി പറഞ്ഞിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എം. ആര്‍ വിജയഭാസ്‌കര്‍ സമര്‍പ്പിച്ച പരാതിയില്‍ പരിഗണിക്കവെയാണ് കോടതി വിമര്‍ശനമുന്നയിച്ചത്.

കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുമെന്ന് ഉറപ്പുവരുത്തുന്ന ഒരു സാഹചര്യത്തിലല്ലാതെ മെയ് രണ്ടാം തീയതി വോട്ടെണ്ണല്‍ നടത്തരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

ഓരോ പൗരന്റെയും അതിജീവനവും സംരക്ഷണവുമാണ് ഇപ്പോള്‍ പ്രധാനം. മറ്റെല്ലാം പിന്നീടാണ് പരിഗണിക്കപ്പെടേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് റാലികള്‍ നടക്കുമ്പോള്‍ നിങ്ങള്‍ ഏത് ഗ്രഹത്തിലായിരുന്നു എന്നാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരുന്നത്.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വോട്ടെണ്ണല്‍ നടത്തുന്നതിനായി ആരോഗ്യ സെക്രട്ടറിയെ കണ്ട് നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമ്മീഷനോടും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടുമാണ് നിര്‍ദേശം നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Supreme court to Election commission of India, says can’t stop  media from reporting observations