ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് തിരിച്ചടി. ജയലളിതയുള്‍പ്പെടെ നാലുപേര്‍ക്കും ശിക്ഷവിധിച്ച വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.ജസ്റ്റിസ് പി.സി ഘോസെ, ജസ്റ്റിസ് അമിത റോയി എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് വിധി.
ശശികലയോട് എത്രയും പെട്ടെന്ന് ബംഗളുരു കോടതിയില്‍ കീഴടങ്ങാനും കോടതി നിര്‍ദേശം നല്‍കി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്ക്ക് നാലു വര്‍ഷം തടവും 10 കോടിരൂപ പിഴയുമാണ് ബംഗളുരുവിലെ വിചാരണക്കോടതി വിധിച്ചത്. എന്നാല്‍ ഈ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ പത്തുവര്‍ഷത്തേക്ക് ശശികലയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായിരുന്നു കേസില്‍ ഒന്നാം പ്രതി. എന്നാല്‍ ജയലളിത മരിച്ചതിനാല്‍ അവര്‍ക്കെതിരെയുള്ള എല്ലാ നടപടികളും റദ്ദാക്കുന്നെന്ന് കോടതി അറിയിച്ചു. ശശികല കേസില്‍ രണ്ടാം പ്രതിയാണ്. ശശികലയുടെ സഹോദരന്റെ ഭാര്യ ഇളവരശിയാണ് മൂന്നാം പ്രതി. ജയലളിതയുടെ ദത്തുപുത്രന്‍ സുധാകരന്‍ നാലാം പ്രതിയാണ്.
ശശികലയ്ക്കു പുറമേ ഇളവരശിയ്ക്കും സുധാകരനും വിചാരണക്കോടതി നാലുവര്‍ഷത്തെ തടവും പത്തുകോടി രൂപ പിഴയും വിധിച്ചിരുന്നു. ഈ വിധിയും സുപ്രീം കോടതി ശരിവെച്ചു.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയെയും ജയലളിതയുടെ തോഴിയായിരുന്ന ശശികലയെയും ഇളവരശിയെയും വി.എന്‍ സുധാകരനെയും വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വിധി.
അനധികൃത സ്വത്ത് സമ്പാദനക്കേസ്:
1991-96 കാലയളവില്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ജയലളിതയുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് 3 കോടിയുടെ ആസ്തിയുണ്ടായിരുന്ന ജയലളിതയ്ക്ക് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപയുടെ സമ്പാദിച്ചെന്നാണ് കേസ്.
1996ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമിയാണ് ജയലളിത വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. 1996ല്‍ അധികാരത്തില്‍ വന്ന ഡി.എം.കെ സര്‍ക്കാര്‍ ജയലളിതയെ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ആരോപിച്ച് ഡി.എം.കെ നേതാവ് അന്‍പഴകന്‍ നല്‍കിയ ഹരജി പരിഗണിച്ച കേസ് ബംഗളുരുവിലേക്ക് മാറ്റി.
കേസിന്റെ നാള്‍ വഴികള്‍:
1996 ജൂണ്‍ 14: ജയലളിതയ്ക്കെതിരെ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യ സ്വാമി പരാതി ഫയല്‍ ചെയ്തു.
ജൂണ്‍ 18: ഡി.എം.കെ സര്‍ക്കാര്‍ ജയലളിതയ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുന്നു.
ജൂണ്‍ 21: പരാതി ഐ.പി.എസ് ഓഫീസര്‍ അന്വേഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍ കോടതി ജഡ്ജി ലതിക ശരണ്‍ ഉത്തരവിട്ടു.
1997: ജൂണ്‍ 4: കുറ്റപത്രം സമര്‍പ്പിക്കുന്നു. 66.65 കോടിയുടെ അനധികൃത സ്വത്ത് ജയലളിത സമ്പാദിച്ചതായി കണ്ടെത്തി.
ഒക്ടോബര്‍ 21: കോടതി ജയലളിത, ശശികല, വി.എന്‍ സുധാകരന്‍, ഇളവരശി എന്നിവര്‍ക്കെതിരെ കുറ്റംചുമത്തുന്നു.
2002: മാര്‍ച്ച്: മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലെത്തുന്നു.
നവംബര്‍ 2002 മുതല്‍ ഫെബ്രുവരി 2003: 76 സാക്ഷികളെ വിസ്തരിച്ചു.
2003: ഫെബ്രുവരി 28: ഡി.എം.കെ നേതാവ് കെ. അന്‍പഴകന്‍ വിചാരണ തമിഴ്നാട്ടില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നു.
നവംബര്‍ 18: സുപ്രീം കോടതി ബംഗളുരു പ്രത്യേക കോടതിയിലേക്ക് വിചാരണ മാറ്റുന്നു.
ഡിസംബര്‍ 2003 മുതല്‍ മാര്‍ച്ച് 2005 വരെ: കേസ് വിചാരണയ്ക്കായി ബംഗളുരുവില്‍ പ്രത്യേക കോടതി രൂപീകരിച്ചു. പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി ബി.വി ആചാര്യയെ നിയമിക്കുന്നു.
2010 ഡിസംബര്‍ മുതല്‍ 2011 ഫെബ്രുവരി: സാക്ഷികളെ വീണ്ടും പ്രോസിക്യൂഷന്‍ വിസ്തരിക്കുന്നു.
2011: മെയ് 16: എ.ഐ.എ.ഡി.എം.കെ വീണ്ടും അധികാരത്തില്‍ വരുന്നു. ജയലളിത വീണ്ടും മുഖ്യമന്ത്രിയാവുന്നു.
ഒക്ടോബര്‍: 20 & 21;
നവംബര്‍: 22 & 23: ജയലളിത കോടതിയിലെത്തുകയും സ്പെഷല്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു.
2012: ആഗസ്റ്റ് 13: സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ജി. ഭവാനി സിങ്ങിനെ നിയമിക്കുന്നു.
ആഗസ്റ്റ് 23: ഈ നിയമനത്തെ ചോദ്യം ചെയ്ത് അന്‍പഴകന്‍ ഹൈക്കോടതിയെ സമീപിക്കുന്നു.
ആഗസ്റ്റ് 26: ഭവാനി സിങ്ങിനെ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിക്കുന്നു.
ആഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെ: ഭവാനി സിങ് ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുന്നു. മേല്‍ക്കോടതി അദ്ദേഹത്തെ യഥാസ്ഥാനത്തേക്ക് നിയമിക്കുന്നു.
സെപ്റ്റംബര്‍ 30: പ്രത്യേക കോടതി ജഡ്ജി ബാലകൃഷ്ണ വിരമിക്കുന്നു. ഒക്ടോബര്‍ 29: സ്പെഷല്‍ കോടതി ജഡ്ജിയായി മൈക്കല്‍ കുന്‍ഹയെ ഹൈക്കോടതി നിയമിക്കുന്നു.
2014: ആഗസ്റ്റ് 28:വിചാരണ അവസാനിക്കുന്നു. സെപ്റ്റംബര്‍ 20ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി അറിയിക്കുന്നു. സെപ്റ്റംബര്‍ 15: സുരക്ഷാ കാരണങ്ങളാല്‍ വിധി സെഷന്‍സ് കോടതിയില്‍ നിന്ന് മാറ്റണമെന്ന് ജയലളിത ആവശ്യപ്പെടുന്നു. സെപ്റ്റംബര്‍ : ജയലളിതയുടെ ആവശ്യം അംഗീകരിച്ച് വിധി ബാംഗ്ലൂര്‍ ജയിലിനടുത്തുള്ള സ്ഥലത്തേക്ക് മാറ്റുന്നു. വിധി പ്രഖ്യാപനം സെപ്റ്റംബര്‍ 27ലേക്ക് മാറ്റുന്നു.
2014 സെപ്റ്റംബര്‍ 27: കേസില്‍ ജയലളിതയ്ക്ക് നാലുവര്‍ഷം തടവും 100കോടി രൂപ പിഴയും വിധിക്കുന്നു. ശശികലയുള്‍പ്പെടെയുള്ള കൂട്ടുപ്രതികള്‍ക്ക് നാലുവര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. ഇവരില്‍ നിന്നും 10കോടി രൂപ പിഴയീടാക്കാനും കോടതി നിര്‍ദേശിച്ചു. പ്രതികളെ അറസ്റ്റു ചെയ്ത് ബംഗളുരു പരപ്പന അഗ്രഹാര ജയിലിലാക്കി. വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനും ജാമ്യാപേക്ഷ നല്‍കാനും തീരുമാനിക്കുന്നു.
കര്‍ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ജയലളിത സുപ്രീം കോടതിയെ സമീപിച്ചു.
2014 ഒക്ടോബര്‍ 17: കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നു.
2015 മെയ് 11: ജയലളിതയെ ശിക്ഷിച്ച ബംഗളുരു കോടതി ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതിയുടെ കണ്ടെത്തലുകള്‍ അംഗീകരിക്കാനാവില്ലെന്നു പറഞ്ഞാണ് കോടതി ജയലളിതയെയും കൂട്ടരെയും കുറ്റവിമുക്തരാക്കിയത്. ജസ്റ്റിസ് കുമാരസ്വാമിയാണ് വിധി പ്രസ്താവിച്ചത്.
2015 ജൂണ്‍ 23: ജയലളിതയെയും സഹായികളെയും കുറ്റവിമുക്തരാക്കിയ വിധിയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. ജയലളിതയുടെയും മറ്റു പ്രതികളുടെയും സ്വത്തിന്റെ മൂല്യം കണക്കാക്കുന്നതില്‍ കോടതിക്കു പിഴവു വന്നെന്നും യഥാര്‍ത്ഥ കണക്ക് പ്രോസിക്യൂട്ടര്‍ക്കു ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്.