| Friday, 18th October 2024, 6:04 pm

ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരായ കേസില്‍ വിചാരണ തുടരണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹീമിനെതിരായ കേസില്‍ വിചാരണ സ്റ്റേ ചെയ്ത പഞ്ചാബ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിചാരണ ആരംഭിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

സിഖ്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിനെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ ഇയാള്‍ക്കെതിരെ വിചാരണ തുടരണമെന്ന് കോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ വിചാരണയ്‌ക്കേര്‍പ്പെടുത്തിയ സ്റ്റേ നീക്കിയത്.

പഞ്ചാബ് സര്‍ക്കാര്‍ വിചാരണ തുടരണമെന്ന് കാണിച്ച് സുപ്രീം കോടതിക്ക് നല്‍കിയ ഹരജിയിലാണ് നടപടി. നാലാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

പഞ്ചാബിലെ ബജാഖാന പൊലീസ് സ്റ്റേഷനില്‍ ഗുര്‍മീതിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ വിചാരണ സ്റ്റേ ചെയ്യാണമെന്നായിരുന്നു ഹൈക്കോടതികളില്‍ പ്രതി ആവശ്യപ്പെട്ടിരുന്നത്.

സിഖ്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിന്റെ ഗ്രന്ഥത്തെ അവഹേളിക്കുകയും കാണാതാവുകയും ചെയ്തതോടെ നടന്ന നിരവധി സംഭവങ്ങളെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

2021 ഡിസംബറില്‍, സിഖുകാരുടെ വിശുദ്ധ ഗ്രന്ഥം അവഹേളിച്ചതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് റാം റഹീം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനസര്‍ക്കാര്‍ നീതിയുക്തവും സത്യസന്ധവുമായ അന്വേഷണം നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്.

രണ്ട് കൊലപാതക കേസുകളിലും ബലാത്സംഗ കേസിലും പ്രതിയായ ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുകയും 4 വര്‍ഷത്തിനിടെ നിരവധി കുറ്റങ്ങളില്‍ ഇയാള്‍ 15 തവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

ആള്‍ദൈവം ഗുര്‍മീത് റാം സിംങ് തന്റെ രണ്ട് ശിഷ്യന്മാരെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷയിലാണ്. കൂടാതെ രണ്ട് കൊലപാതക കേസുകളില്‍ ജീവപര്യന്തത്തിനും ഇയാളെ ശിക്ഷിച്ചിട്ടുണ്ട്.

Content Highlight: Supreme Court to continue the trial in the case against godman Gurmeet Ram Rahim

We use cookies to give you the best possible experience. Learn more