ബാങ്ക് തട്ടിപ്പ്, ഒളിവില്‍ പോക്ക്; വിജയ് മല്യയ്‌ക്കെതിരായ കേസില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച
national news
ബാങ്ക് തട്ടിപ്പ്, ഒളിവില്‍ പോക്ക്; വിജയ് മല്യയ്‌ക്കെതിരായ കേസില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th July 2022, 9:25 pm

ന്യൂദല്‍ഹി: കോടതീയലക്ഷ്യ കേസില്‍ ഒളിവില്‍ പോയ മദ്യവ്യവസായി വിജയ് മല്യയ്‌ക്കെതിരായ കേസില്‍ സുപ്രീം കോടതി ജൂലൈ 11ന് വിധി പറയും. കോടതി വിധികളെ മറികടന്ന് മക്കള്‍ക്ക് 40 മില്യണ്‍ ഡോളര്‍ കൈമാറിയതിനാണ് വിജയ് മല്യയ്‌ക്കെതിരെ കോടതീയലക്ഷ്യത്തിന് കേസെടുത്തത്.

ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പറയുക. മാര്‍ച്ച് 10ന് കോടതി മല്യയുടെ ശിക്ഷ വിധിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് മാറ്റിവെക്കുകയായിരുന്നു.

സ്വത്ത് വെളിപ്പെടുത്താത്തതിനും കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച നിയന്ത്രണ ഉത്തരവുകള്‍ ലംഘിച്ചതിനും രണ്ട് കേസുകളില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്

വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരില്‍ നിന്ന് 18,000 കോടി രൂപ ബാങ്കുകള്‍ പിരിച്ചെടുത്തതായി ഫെബ്രുവരിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് വിജയ് മല്യ രാജ്യം വിട്ടത്. 9000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പാണ് വിജയ് മല്യ നടത്തിയത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഇ.ഡി നടപടികള്‍ ആരംഭിച്ചതോടെ 2016 മാര്‍ച്ചിലാണ് വിജയ് മല്യ യു.കെയിലേക്കു കടന്നത്.

2017 മേയില്‍ കോടതീയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് മല്യ സമര്‍പ്പിച്ച ഹരജി കോടതി നേരത്തെ തള്ളിയിരുന്നു.

Content Highlight: Supreme court to consider vijay malya’s case on monday