ന്യൂദല്‍ഹി: മദ്യവില്‍പന ശാലകളില്‍ പ്രായപരിശോധന നിര്‍ബന്ധമാക്കണമെന്ന പൊതുതാത്പര്യ ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി. ഹരജിയില്‍ വിശദീകരണം ആരാഞ്ഞ് സുപ്രീം കോടതി കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചു.
‘കമ്യുണിറ്റി എഗെയിന്‍സ്റ്റ് ഡ്രങ്കണ്‍ ഡ്രൈവിങ്ങ്’എന്ന സര്‍ക്കാരിതര സംഘടനാ നല്‍കിയ ഹരജിയിലാണ് നടപടി. ജസ്റ്റിസുമാരായ ഭൂഷണ്‍ ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
കുട്ടികള്‍ മദ്യം വാങ്ങുന്നത് തടയാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഹരജിക്കാര്‍ ആവശ്യപ്പെട്ടത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടത്. 30 വയസിന് താഴെയുള്ള ഒരു വ്യക്തി മദ്യം വാങ്ങുമ്പോള്‍ പ്രായം പരിശോധിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം.
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കുറക്കുന്നതിനും അപകടങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പ്രായപരിശോധന സഹായകമാകുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇടയില്‍ മദ്യപാനം കൂടുതലാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പി.ബി. സുരേഷ് കോടതിയില്‍ പറഞ്ഞു.
മദ്യം വീട്ടിലെത്തിച്ച് നല്‍കുന്ന ഡോര്‍-സ്റ്റെപ് ഡെലിവറി സൗകര്യങ്ങള്‍ ഉള്‍പ്പെടെ നിലവിലുണ്ടെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങള്‍ 18 വയസ് മുതല്‍ മദ്യപാനം അനുവദിക്കുന്നുണ്ട്. എന്നാല്‍ ദല്‍ഹിയിലും മഹാരാഷ്ട്രയിലും ഇത് 25 വയസാണ്. ഈ ഒരു വ്യത്യാസം പരിശോധിക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് 50,000 പിഴ ഈടാക്കണം, മൂന്ന് മാസം തടവ്, തടവും പിഴയും, നിയമം മൂന്ന് തവണ ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നിയമോപദേശങ്ങളും ഹരജിക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
Content Highlight: Supreme Court to consider PIL to make age verification mandatory at liquor shops