ന്യൂദല്‍ഹി: ഒരു അഡാറ് ലവ് സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെതിരെ രാജ്യത്ത് ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. പാട്ടിനെതിരെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളും കോടതി സ്‌റ്റേ ചെയ്തു.
കേസില്‍ വിശദമായ വാദം കേട്ട ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് നീങ്ങുക. ഗാനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യം ചെയ്ത് നടി പ്രിയാ വാര്യര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല വിധി.
അതേസമയം പരാതിയുമായി ഹൈക്കോടതിയെ സമീപിക്കാമായിരുന്നില്ലേയെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകനായ ഹാരിസ് ബീരാനോട് കോടതി ചോദിച്ചു. എന്നാല്‍ യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്ത മലയാള ഗാനത്തിനെതിരെ ഹൈദരാബാദിലാണ് ചിലര്‍ പരാതി നല്‍കിയതെന്നും ഇനി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും സമാനമായ പരാതി ഉയരാന്‍ സാധ്യതയുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
മറ്റ് സംസ്ഥാനങ്ങളില്‍ കേസ് നടത്തുന്നത് ബുദ്ധിമുട്ടാണെന്നും ഇക്കാര്യത്തിലെ ഗൗരവം കോടതി മനസിലാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി പാട്ടുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന എല്ലാ കേസ് നടപടികളും താല്‍കാലികമായി മരവിപ്പിക്കുകയായിരുന്നു.
ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി ഹൈദരാബാദിലും മഹാരാഷ്ട്രയിലും പരാതി നല്‍കിയിരുന്നു. ഗാനത്തിനെതിരെ ഹൈദരാബാദിലെ ഫലക്‌നാമ പൊലീസ് സ്റ്റേഷനില്‍ റാസാ അക്കാഡമിയും മഹാരാഷ്ട്രയില്‍ ജന്‍ജാഗരണ്‍ സമിതിയും നല്‍കിയ പരാതികളില്‍ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഗാനം പിന്‍വലിക്കുമെന്ന് സംവിധായകന്‍ അറിയിച്ചെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു.
സംവിധായകന്‍ ഒമര്‍ ലുലുവിനും നടി പ്രിയ വാര്യര്‍ക്കുമെതിരെയായിരുന്നു കേസെടുത്തിരുന്നത്.