| Tuesday, 14th February 2023, 8:42 am

കോടതിയെ കഠിനമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കരുത്; ജഡ്ജി നിയമനത്തില്‍ കേന്ദ്രത്തോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകളില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. കൊളീജിയം ശിപാര്‍ശകളില്‍ പത്ത് ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ നടപടിയെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.

പത്ത് ദിവസത്തിനുള്ളില്‍ സുപ്രീം കോടതിയിലേക്കും ഹൈക്കോടതിയിലേക്കും ജഡ്ജിമാരെ നിയമിച്ച നടപടിയിലാണ് സുപ്രീം കോടതി അതൃപ്തി അറിയിച്ചിട്ടുള്ളത്.

ജഡ്ജിമാരുടെ സ്ഥലമാറ്റത്തിന് സര്‍ക്കാരിന് പരിമിതമായ പങ്ക് മാത്രമേയുള്ളൂവെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, മനോജ് മിശ്ര, അരവിന്ദ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിമര്‍ശിച്ചു.

ജഡ്ജിമാരുടെ നിയമന കാര്യങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ ഉണ്ടെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ഇടപെടലുകള്‍ വളരെ ഗുരുതരമാണെന്നും, കോടതിയെ ഈ വിഷയങ്ങള്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു.

കൊളീജിയം ശിപാര്‍ശകളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും തമ്മില്‍ നടക്കുന്ന പോരിനിടയിലാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പരാമര്‍ശം വന്നിരിക്കുന്നത്.

ചീഫ് ജസ്റ്റിസുമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍, ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലം മാറ്റം തുടങ്ങിയ കാര്യങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുളില്‍ കഠിനമായ തീരുമാനമെടുക്കാന്‍ സുപ്രീം കോടതിയെ പ്രേരിപ്പിക്കരുതെന്ന് കോടതി നേരത്തേ അറിയിച്ചിരുന്നു.

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഏഴ് ജഡ്ജിമാരെ സുപ്രീം കോടതിയിലും ഗുജറാത്ത്, ഗുവാഹത്തി, ത്രിപുര, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസ്റ്റുമാരെയും നിയമിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ കൊളീജിയം ശിപാര്‍ശ ചെയ്യുന്ന നിര്‍ദേശങ്ങളില്‍ ചിലത് മാത്രം തെരഞ്ഞെടുത്ത് നടപ്പാക്കുന്നുവെന്നും ഇതിനെതിരെ നടപടി വേണമെന്നും പ്രശാന്ത് ഭൂഷണും അഭിപ്രായപ്പെട്ടു.

content highlight: Supreme Court tells Center not to force court to take tough decision on judge appointment

We use cookies to give you the best possible experience. Learn more