കേന്ദ്രത്തിന് വന്‍ തിരിച്ചടി; ഇ.ഡി ഡയറക്ടറുടെ കാലാവധി മൂന്നാമതും നീട്ടിയ നടപടി സുപ്രീം കോടതി റദ്ദാക്കി
national news
കേന്ദ്രത്തിന് വന്‍ തിരിച്ചടി; ഇ.ഡി ഡയറക്ടറുടെ കാലാവധി മൂന്നാമതും നീട്ടിയ നടപടി സുപ്രീം കോടതി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th July 2023, 4:34 pm

ന്യൂദല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് മൂന്നാം തവണയും കാലാവധി നീട്ടിനല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജൂലൈ 31 വരെ സഞ്ജയ് കുമാറിന് പദവി ഒഴിയാന്‍ കോടതി സമയം അനുവദിച്ചിട്ടുണ്ട്.

സുപ്രീം കോടതിയുടെ വിധിയുണ്ടായിട്ടും മിശ്രയ്ക്ക് കാലാവധി നീട്ടി നല്‍കയത് നിയമവിരുദ്ധമാണെന്ന് കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ഇ.ഡി. ഡയറക്ടറുടെ കാലാവധി മൂന്നാമതും നീട്ടുന്നതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തിയത്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.

1984 ബാച്ച് ഐ.ആര്‍.എസ്. ഉദ്യോഗസ്ഥനാണ് സഞ്ജയ് മിശ്ര. 2018ലാണ് ഇ.ഡി. ഡയറക്ടറായി അദ്ദേഹത്തെ ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി.

ശേഷം സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ആക്ട് ഭേദഗതി ചെയ്ത് അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി ഓര്‍ഡിനന്‍സും പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിക്ക് മുന്നില്‍ ഹര്‍ജികളെത്തിയത്.

സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടിയതില്‍ വ്യക്തിപരമായ ഒരു താല്‍പര്യവുമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഭീകരര്‍ക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ അവലോകന യോഗം ഉടന്‍ ചേരുകയാണ്. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യോഗത്തില്‍ ഇതുവരെയുള്ള നടപടികള്‍ അവലോകനം ചെയ്യാന്‍ സഞ്ജയ് മിശ്രയുടെ സേവനം ആവശ്യമാണെന്നും തുഷാര്‍ മേത്ത പറഞ്ഞിരുന്നു. എന്നാല്‍ അക്കാര്യം വിലയിരുത്താന്‍ കഴിവും അര്‍ഹതയുമുള്ള മറ്റാരുമില്ലേയെന്ന് കോടതി വീണ്ടും ചോദിച്ചു.

അതേസമയം, ദല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെയും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ നിയമത്തിലെയും ഭേദഗതികള്‍ സുപ്രീം കോടതി ശരിവെച്ചു. ഒരു സി.ബി.ഐ മേധാവിയുടെയും ഇ.ഡി ഡയറക്ടറുടെയും രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത കാലാവധിക്ക് ശേഷം മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

 

Content Highlights: Supreme court suspends the ED director sanjay kumar mishra