അറന്മുള: പാരിസ്ഥിതികാനുമതി നിഷേധിച്ച ട്രിബ്യൂണല്‍ നടപടി കോടതി ശരിവച്ചു
Daily News
അറന്മുള: പാരിസ്ഥിതികാനുമതി നിഷേധിച്ച ട്രിബ്യൂണല്‍ നടപടി കോടതി ശരിവച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st November 2014, 4:19 pm

supreme-court-01ന്യൂദല്‍ഹി: ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നിഷേധിച്ച ഹരിത ട്രിബ്യൂണല്‍ നടപടി സുപ്രീം കോടതി ശരിവച്ചു. പദ്ധതിയെക്കുറിച്ച് പഠനം നടത്തിയ ഏജന്‍സിക് യോഗ്യതയില്ലെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്.

യോഗ്യതയില്ലാത്ത ഒരു ഏജന്‍സി നടത്തിയ പഠത്തിലൂടെ എങ്ങനെ പാരിസ്ഥിതികാനുമതി നല്‍കാനാകും എന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. കെ.ജി.എസ് ഗ്രൂപ്പിന്റെ വാദങ്ങളെ കോടതി പൂര്‍ണമായും തള്ളുകയാണ് ഉണ്ടായത്.

യോഗ്യതയില്ലാത്ത ഒരു ഏജന്‍സി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പാരിസ്ഥിതികാനുമതിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കോടതി നിര്‍ദേശിച്ചു.

കെ.ജി.എസ്.ഗ്രൂപ്പിന്റെ വാദം കേട്ടയുടന്‍ കോടതി അത് തള്ളുകയായിരുന്നു. കോടതി കേസ് തള്ളിയതിനാല്‍ സംസ്ഥാന സര്‍ക്കാറിന് കോടതിയില്‍ അഭിപ്രായം അറിയിക്കേണ്ടി വന്നില്ല.

ജനകീയ പോരാട്ടത്തിന്റെ വിജയമാണിതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ പെരുന്താനം അഭിപ്രായപ്പെട്ടത്. ജനങ്ങള്‍ക്ക് ശക്തിയായി പോരാടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഇത്തരം ഏജന്‍സികളെവെച്ചും നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞും അനധികൃത പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി ഉത്തരവ് കെ.ജി.എസ്.ഗ്രൂപ്പിന് വന്‍ തിരിച്ചടിയായി. ഇതോടെ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള വഴികള്‍ കെ.ജി.എസ് ഗ്രൂപ്പിന് മുന്നില്‍ അടഞ്ഞു. 2013 ലാണ് പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചിരുന്നത്.