| Monday, 2nd December 2024, 3:01 pm

സര്‍ക്കാരിന് തിരിച്ചടി; ആശ്രിത നിയമനം റദ്ദാക്കി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായരയുടെ മകന്റെ ആശ്രിത നിയമനക്കേസ് റദ്ദാക്കി സുപ്രീം കോടതി. നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

എം.എല്‍.എയുടെ മകന് എങ്ങനെയാണ് ആശ്രിത നിയമനം നല്‍കുകയെന്ന് കോടതി ചോദിച്ചു. കോടതിയുടെ ചോദ്യത്തിന് പ്രത്യേക അധികാരമുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്.

എന്നാല്‍ പ്രത്യേക അധികാരം ഇത്തരം കാര്യങ്ങളിലല്ല ഉപയോഗിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നേരത്തെ ആശ്രിത നിയമനത്തിലൂടെ ലഭിച്ച ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കരുതെന്ന് എം.എല്‍.എയുടെ മകന്‍ ആര്‍. പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു.

2018ലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചായിരുന്നു ആര്‍. പ്രശാന്തിന് നിയമനം നല്‍കിയത്. പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായിട്ടായിരുന്നു നിയമനം.

കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം പുതിയ തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. എന്നാല്‍ ഇത് പ്രകാരം എം.എല്‍.എയുടെ മകന്‍ ഉള്‍പ്പെടെ ആശ്രിത നിയമനം നല്‍കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ആശ്രിത നിയമനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ക്കാണെന്നും കോടതി വ്യക്തമാക്കി.

Content Highlight: Supreme Court struck down dependent appointment

We use cookies to give you the best possible experience. Learn more