ന്യൂദല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. രണ്ടാഴ്ച്ച കാലയളവിലേക്കാണ് സുപ്രീം കോടതിയുടെ ഇടക്കാല സംരക്ഷണം. അന്വേഷണവുമായി സഹകരിക്കാമെന്ന സിദ്ദിഖിന്റെ വാദത്തിന് പിന്നാലെയാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ്.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയായിരുന്നു സിദ്ദീഖിന് വേണ്ടി ഹാജരായത്. സിദ്ദീഖിന്റെ മകനും കോടതിയിലെത്തിയിരുന്നു.
ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് സര്‍ക്കാര്‍ അഭിഭാഷകരും സുപ്രീം കോടതിയില്‍ ഹാജരായിരുന്നു. മുതിര്‍ന്ന അഭിഭാഷക ഐശ്വര്യ ഭാട്ടിയയാണ് സര്‍ക്കാറിന് വേണ്ടി ഹാജരായത്. സിദ്ദിഖ് വലിയ സ്വാധീനമുള്ള ആളാണെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചു.
പരാതിക്കാരി തുടരെ തുടരെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വഴിയെല്ലാം തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അന്ന് ബലാത്സംഗം ആരോപിച്ചിരുന്നില്ലെന്നായിരുന്നു സിദ്ദിഖിന്റെ പ്രധാനപ്പെട്ട വാദം. ഇത് ഗൂഢാലോചനയാണെന്നും സിദ്ദിഖിന് വേണ്ടി അഭിഭാഷകന്‍ അറിയിച്ചു.
പരാതി നല്‍കാന്‍ കാലതാമസമുണ്ടായതിനെ കുറിച്ചും കോടതിയില്‍ ചോദ്യങ്ങളുണ്ടായി. സിനിമ സംഘടനകളായ അമ്മയും ഡബ്ല്യൂ.സി.സിയും തമ്മിലുള്ള തര്‍ക്കമാണ് ഈ പരാതിക്ക് പിന്നിലെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ബേല എം. തൃവേദി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
content highlights: Supreme Court stops actor Siddique’s arrest in rape case