ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടിയില്‍ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യക്ക് സുപ്രീം കോടതിയുടെ സംരക്ഷണം. കേസെടുത്ത മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് കോടതി താത്കാലികമായി തടഞ്ഞു.
സെപ്റ്റംബര്‍ 11 തിങ്കളാഴ്ച വരെ ഹരജികള്‍ക്കെതിരെ നിര്‍ബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
മണിപ്പൂര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റിനും വസ്തുതാന്വേഷണ സംഘം അംഗങ്ങള്‍ക്കുമാണ് ബുധനാഴ്ച അറസ്റ്റില്‍ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചത്.
മണിപ്പൂര്‍ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. അടുത്ത വാദം കേള്‍ക്കുന്നത് വരെ ഹരജിക്കാര്‍ക്കെതിരെ നിര്‍ബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്നും ബെഞ്ച് ഉത്തരവിട്ടു.
നേരത്തെ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ മണിപ്പൂരിലെ വിഷയങ്ങള്‍ പഠിക്കാന്‍ വേണ്ടി ഒരു വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി മണിപ്പൂര്‍ സന്ദര്‍ശിക്കുയും വിവിരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. മണിപ്പൂരില്‍ സര്‍ക്കാര്‍ മെയ്തി വിഭാഗത്തിന് അുകൂലമായാണ് നിലപാടെടുക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രസക്തഭാഗം.
ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് മണിപ്പൂര്‍ സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. ഈ കേസിലെ എഫ്.ഐ.ആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ എഡിറ്റേഴ്സ് ഗില്‍ഡ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Content Highlight: Supreme Court stopped arrest of Editors Guild members