ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ നേരിട്ട പൊലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കി
India
ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ നേരിട്ട പൊലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th August 2017, 3:30 pm

ന്യൂദല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ കുറ്റക്കാരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സുപ്രീം കോടതി സര്‍വീസില്‍ നിന്ന് പുറത്താക്കി. ഗുജറാത്ത് പൊലീസിലെ ഉദ്യോഗസ്ഥരായ എന്‍.കെ അമിന്‍, തരുണ്‍ ബരോട്ട് എന്നിവരെയാണ് പുറത്താക്കിയത്.

ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢനും ഉള്‍പ്പെട്ട ബെഞ്ചാണ് ഇന്ന് തന്നെ ഇരുവരെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. അമിന്‍ മാഹിസാഗര്‍ ജില്ലാ പൊലീസ് സൂപ്രണ്ടും ബരോട്ട് വഡോദര റെയില്‍വെ ഡെപ്യൂട്ടി സൂപ്രണ്ടുമായി ജോലി ചെയ്യുകയായിരുന്നു.


Also Read: അഴിമതിയ്‌ക്കെതിരെ വീണ്ടും വി.എസ്; ഭരണപരിഷ്‌കാര കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു


ഇസ്രത്ത് ജഹാന്‍, സൊഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നേരിട്ടവരാണ് ഇരുവരും. എട്ടു വര്‍ഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ അമിനും മൂന്നു വര്‍ഷം കസ്റ്റഡിയില്‍ കഴിഞ്ഞ ബരോട്ടും ഉന്നതസ്ഥാനത്ത് തുടരുന്നതിലെ ധാര്‍മികതയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

തരുണ്‍ ബരോട്ട് കൊലപാതക കേസിലും തട്ടിക്കൊണ്ടുപോകല്‍ കേസിലും വിചാരണ നേരിട്ട വ്യക്തിയാണ്. 2004 ലായിരുന്നു ഇസ്രത്ത് ജഹാനടക്കം നാലുപേരെ പൊലീസ് വെടിവെച്ച് കൊന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നുപറഞ്ഞാണ് ഇവരെ പൊലീസ് വെടിവെച്ചുകൊല്ലുന്നത്. പിന്നീട് നടന്ന അന്വേഷണത്തില്‍ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് നാലുപേരെയും കൊന്നത് എന്ന് കണ്ടെത്തിയിരുന്നു.