ന്യൂദല്‍ഹി: 16 സംസ്ഥാനങ്ങളിലെ പത്തുലക്ഷം ആദിവാസികളെ വനത്തില്‍ നിന്നും കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഫെബ്രുവരി 13ലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറും ഗുജറാത്ത് സര്‍ക്കാറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ജസ്റ്റിസ് അരുണ്‍ മിശ്ര, നവിന്‍ സിന്‍ഹ, എം.ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. പരമ്പരാഗത വനഭൂമിയുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്‌തെന്നും ഏത് അതോറിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ 16 സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി.
വിഷയം ജൂലൈ 10ന് കോടതി വീണ്ടും പരിഗണിക്കും. അതിനുള്ളില്‍ മറുപടി നല്‍കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. അനര്‍ഹരെന്നു കണ്ടെത്തിയവര്‍ ഭൂമികയ്യേറ്റം തുടരുന്നത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായാണ് കോടതി വിമര്‍ശിച്ചത്. “കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?” എന്നാണ് കോടതി കേന്ദ്രസര്‍ക്കാറിനോടു ചോദിച്ചത്.
“ഇതൊരു മാനുഷിക പ്രശ്‌നമാണ്. വനസംരക്ഷണവും വനത്തില്‍ ജീവിക്കുന്ന ആദിവാസികളെയും ലോകം ഒരുപോലെ കൊണ്ടുപോയിട്ടുണ്ട്.” എന്ന് കേന്ദ്രസര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു.
വനത്തില്‍ ജീവിക്കുന്നവരുടെയും സമുദായങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന എഫ്.ആര്‍.എ എന്നറിയപ്പെടുന്ന 2006ലെ ട്രഡീഷണല്‍ ഫോറസ്റ്റ് ഡ്വല്ലേഴ്സ് ആക്ടിന്റെ സാധുത ചോദ്യം ചെയ്ത് ഒരു എന്‍.ജി.ഒ നല്‍കിയ കേസിലായിരുന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
എഫ്.ആര്‍.എ പ്രകാരം ഗോണ്ട്, മുണ്ട തുടങ്ങിയ സമുദായങ്ങള്‍ക്ക് കാടുകളില്‍ ജീവിക്കാനും അവരുടെ ഭൂമിയില്‍ കൃഷി നടത്താനുമുള്ള അവകാശമുണ്ട്. എന്നിരുന്നാലും വനത്തില്‍ ജീവിക്കുന്നവരില്‍ 2%ത്തില്‍ താഴെയുള്ളവരുടെ അവകാശങ്ങള്‍ മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. നിലവിലെ ഉത്തരവ് പ്രകാരം മറ്റുള്ളവര്‍ നിയമവിരുദ്ധമായി താമസിക്കുന്നതായാണ് കാണുന്നത്.
ഈ സമുദായങ്ങളുടെ അവകാശത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലകൊണ്ടില്ലയെന്നതിനാല്‍ സുപ്രീം കോടതി ഉത്തരവ് വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരിക്കുകയാണ്.