മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; ദേവി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
Kerala News
മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; ദേവി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2024, 3:08 pm

ന്യൂദല്‍ഹി: തൃശൂര്‍ വടക്കേക്കാട് കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം സ്റ്റേ ചെയ്ത് സുപ്രീം കോടതി. സ്റ്റേ താത്കാലികമാണെന്ന് സുപ്രീം കോടതി അറിയിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന് എതിരെ കപ്ലിയങ്ങാട് ദേവി ക്ഷേത്രത്തിന്റെ മാനേജിങ് ട്രസ്റ്റി എം. ദിവാകരന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

ദേവി ക്ഷേത്രത്തിലേക്ക് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രസ്തുത ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു ഹരജിക്കാരന്‍ കോടതിയെ അറിയിച്ചത്.

ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച കേസ് നിലവില്‍ സിവില്‍ കോടതിയുടെ പരിഗണനയിലാണെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ട്രസ്റ്റിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

മലബാര്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന അഭിഭാഷകന്‍ പി.എന്‍. രവീന്ദ്രന്‍, അഭിഭാഷകനായ പി.എസ്. സുധീര്‍ എന്നിവരാണ് ക്ഷേത്രത്തിന്റെ മാനേജിങ് ട്രസ്റ്റിനായി കോടതിയില്‍ ഹാജരായത്.

Content Highlight: Supreme Court stays Malabar Devaswom Board’s move to take over Devi Temple from Thrissur