| Friday, 9th August 2024, 6:29 pm

'പൊട്ട് കുത്തുന്നവരെ വിലക്കുമോ?' മുംബൈ കോളജിലെ ഹിജാബ് നിരോധനത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയ മുംബൈയിലെ സ്വകാര്യ കോളേജ് സര്‍ക്കുലര്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. എന്ത് വസ്ത്രം ധരിക്കണമെന്നത് വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്ന് കോടതി പറഞ്ഞു. സ്വകാര്യ കോളേജ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഭാഗികമായാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

പൊട്ടും ചന്ദനവും അണിഞ്ഞ് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ വിലക്കേര്‍പ്പെടുത്തുമോയെന്നും കോടതി ചോദിച്ചു. ഹിജാബും ബുര്‍ഖയും ദുരുപയോഗപ്പെടുത്തരുതെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ദുരുപയോഗം ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ക്ലാസ് മുറിക്കുള്ളില്‍ ബുര്‍ഖ ധരിക്കരുതെന്നും ക്യാമ്പസിനകത്ത് മതപരിപാടികള്‍ നടത്തരുതെന്നും കോടതി പറയുകയുണ്ടായി. മുംബൈയിലെ ആചാര്യ മറാത്ത കോളേജാണ് ഹിജാബ് നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത്.

കഴിഞ്ഞ അധ്യയനവര്‍ഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഡ്രസ്സ് കോഡ് എന്ന ആശയം കോളേജ് മുന്നോട്ട് വെച്ചത്. ഇതിനുപിന്നാലെ ഹിജാബ് ധരിച്ച് വന്ന വിദ്യാര്‍ത്ഥികളെ കോളേജ് വിലക്കിയിരുന്നു.

തുടര്‍ന്ന് കോളേജ് അധികൃതരുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ബോംബൈ ഹൈക്കോടതി ഹരജി തള്ളുകയായിരുന്നു. കോളേജിലെ ഒമ്പത് വിദ്യാര്‍ത്ഥികളാണ് ഹരജി നല്‍കിയത്.

ബോംബൈ ഹൈക്കോടതിയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഇപ്പോള്‍ ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്.

അതേസമയം ഹിജാബ് നിരോധനത്തിന് പിന്നാലെ കാമ്പസില്‍ ജീന്‍സും ടീ ഷര്‍ട്ടും കോളേജ് നിരോധിച്ചിരുന്നു. കീറിയ ജീന്‍സ് ( Ripped jeans ), ടീ ഷിര്‍ട്ടുകള്‍, ജേഴ്സികള്‍ എന്നിവ കോളേജില്‍ അനുവദനീയമല്ലെന്ന് കാണിച്ച് കോളേജ് ജൂണ്‍ 27ന് ഡ്രസ്സ് കോഡും മറ്റ് നിയമങ്ങളും എന്ന പേരില്‍ സര്‍ക്കുലര്‍ പുറത്തിറക്കുകയായിരുന്നു.

Content Highlight: Supreme Court Stays Hijab Ban In Mumbai College

We use cookies to give you the best possible experience. Learn more