മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ബാലാവകാശ കമ്മീഷന്റെ നടപടിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ
national news
മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ബാലാവകാശ കമ്മീഷന്റെ നടപടിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st October 2024, 1:28 pm

ന്യൂദല്‍ഹി; സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ അടച്ചൂപൂട്ടാനുള്ള ബാലാവകാശ സമിതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ എയ്ഡഡ് മദ്രസകളില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റാനുള്ള ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകളുടെ സമീപകാല ഉത്തരവുകളും കോടതി സ്‌റ്റേ ചെയ്തു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നടപടികള്‍ സ്റ്റേ ചെയ്തതായി ഉത്തരവിറക്കിയത്. മുസ്‌ലിം സംഘടനയായ ജാമിയത്ത് ഉലമ ഇ ഹിന്ദ് നല്‍കിയ ഹരജിയാണ് ബെഞ്ച് പരിഗണിച്ചത്.

ഈ വിഷയത്തില്‍ നാലാഴ്ചക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാത്ത മദ്രസകളുടെ അംഗീകാരം പിന്‍വലിക്കാന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ബാലാവകാശ കമ്മീഷന്റെ ഈ നടപടിയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.

ഈ വര്‍ഷം ജൂണ്‍ ഏഴിനും ജൂണ്‍ 25നും പുറപ്പെടുവിച്ച എന്‍.സി.പി.സി ആറിന്റെ നിര്‍ദേശങ്ങളിലൊന്നും നടപടിയെടുക്കരുതെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുകളെടുത്ത എല്ലാ നടപടികളും സ്റ്റേ ചെയ്യുമെന്നും നടപടികളെടുക്കുന്നതിന് വിശദമായ പഠനം ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ബാലാവകാശ കമ്മീഷന്‍ കത്തയക്കുകയായിരുന്നു.

മദ്രസാ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണെന്നും ബാലാവകാശ കമ്മീഷന്‍ അയച്ച കത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബാലാവകാശ കമ്മീഷന്റെ നടപടികളില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

Content Highlight: Supreme Court stays Child Rights Commission’s move to close madrassas