ന്യൂദല്‍ഹി: കഠ്വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് അന്വേഷണം സി.ബി.ഐ ക്ക് നല്‍കണമെന്നും, കേസിന്റെ വിചാരണ ചണ്ഡീഗഡിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജികള്‍ എത്തിയ സാഹചര്യത്തിലാണ് കേസിന്റെ വിചാരണ സ്റ്റേ ചെയ്തിരിക്കുന്നത്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് ഇതുംസംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ വളരെയധികമായ സാഹചര്യത്തിലാണ് വിചാരണ ചണ്ഡീഗഡിലേക്ക് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയത്.
കേസില്‍ ഏഴുപേരേ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരിക്കയാണ്. പ്രതികളുടെ ലിസ്റ്റിലുള്ള പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ കുറ്റപത്രം ജുവൈനല്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ജനുവരിയിലാണ് ബക്കര്‍വാള്‍ വിഭാഗത്തിലെ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനുള്ളില്‍ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തത്. പീഡനശേഷം കുട്ടിയെ കൊലപ്പെടുത്തുകയും മൃതദേഹം പിന്നീട് കാട്ടിലുപേക്ഷിക്കുകയുമായിരുന്നു.
കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയാണ് പീഡനത്തിന് വിധേയയാക്കിയത്. ഇതേത്തുടര്‍ന്ന് കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് സംഭവം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. പ്രതികളില്‍ നാലുപേര്‍ പൊലീസുകാരാണ്.