| Saturday, 11th March 2017, 10:40 am

'മാധ്യമസ്വാതന്ത്ര്യത്തിന്റെ കഴുത്ത് ഞെരിക്കുന്നത് അനുവദിക്കാനാകില്ല'; ജനാധിപത്യവ്യവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് സ്വതന്ത്ര പദവിയുണ്ടെന്നും സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമസ്വാതന്ത്ര്യത്തിന് കരുത്ത് പകരുന്ന പരാമര്‍ശവുമായി സുപ്രീം കോടതി. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിന് അനുകൂല വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പണം വാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് പരമോന്നത കോടതിയുടെ പരാമര്‍ശം.

ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ കഴുത്തു ഞെരിക്കാനും ശ്വാസം മുട്ടിക്കാനും അനുവദിക്കാനാകില്ല എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഹരി സിംഗാണ് ഹര്‍ജി നല്‍കിയത്.

മാധ്യമങ്ങളുടെ അവകാശങ്ങള്‍ വെട്ടിച്ചുരുക്കാന്‍ കഴിയില്ലെന്നും ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് സ്വതന്ത്ര പദവിയാണുള്ളതെന്നും പറഞ്ഞ കോടതി, മാധ്യമങ്ങളുടെ സത്യസന്ധത അംഗീകരിക്കണമെന്നും പറഞ്ഞു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ഇന്ത്യന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ 50 കോടി രൂപ മാറ്റി വെച്ചുവെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.


Also Read: മണിപ്പൂരില്‍ ഇറോം ശര്‍മ്മിള തോറ്റു


മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണം എന്ന് പറഞ്ഞുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. മുന്‍ യു.പി.എ സര്‍ക്കാറാണ് ഹെലികോപ്റ്റര്‍ കരാറുണ്ടാക്കിയത്. വി.വി.ഐ.പികള്‍ക്കായി 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ ഉണ്ടാക്കിയത് 2010ലായിരുന്നു. 423 കോടി രൂപ കൈക്കൂലിയായി നല്‍കപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2014ല്‍ കരാര്‍ റദ്ദാക്കിയിരുന്നു. കൈക്കൂലി നല്‍കിയതിന് ഫിന്‍മെക്ക ചെയര്‍മാനേയും അഗസ്റ്റയുടെ സി.ഇ.ഒയേയും ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more