|

സ്വവര്‍ഗരതി നിയമവിധേയമാക്കല്‍: വാദം കേള്‍ക്കല്‍ തുടങ്ങി; പരിശോധിക്കുക നിയമസാധുത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കാന്‍ ആരംഭിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖന്‍വില്‍ക്കാര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്നതാണ് ഭരണഘടന ബെഞ്ച്.


Read: ഭാര്യയ്ക്കും മരുമകള്‍ക്കുമുള്ള ഇഷ്ടദാനങ്ങള്‍ക്ക് നികുതി വാങ്ങരുത്: മനേക ഗാന്ധി


പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള “പ്രകൃതിവിരുദ്ധ” ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ശരിവച്ച 2013 ഡിസംബറിലെ സുപ്രീംകോടതി വിധി ബെഞ്ച് പുനപരിശോധിക്കും.

സ്വവര്‍ഗരതി കുറ്റകരമാക്കുന്ന 2013ലെ സുപ്രീം കോടതി വിധിയ്ക്ക് ഭരണഘടനാ സാധുതയില്ലെന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ ഹരജിയില്‍ വാദം കേട്ട മൂന്നംഗ ബെഞ്ച് കഴിഞ്ഞ ജനുവരിയിലാണ് ഹരജി ഭരണഘടനാ ബെഞ്ചിനു വിട്ടത്.

സ്വവര്‍ഗാനുരാഗികളും ഭിന്നലിംഗക്കാരും ഉള്‍പ്പെടെയുള്ള (എല്‍.ജി.ബി.ടി) ലൈംഗിക ന്യൂനപക്ഷങ്ങള്ളുടെ അവകാശങ്ങളെ നിഷേധിക്കുന്നതാണ് 377-ാം വകുപ്പെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനും മുന്‍ സര്‍ക്കാര്‍ നിയമ ഉദ്യോഗസ്ഥനുമായ മുകുള്‍ റോഹാത്ഗി വാദിച്ചു.

വിധി സംബന്ധിച്ച കേന്ദ്രത്തിന്റെ അഭിപ്രായം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും കൂടതല്‍ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.


Read: പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത് ഗുണനിലവാരം കുറഞ്ഞരീതിയില്‍; സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് ആരോപണം ശക്തം


ഇതില്‍ നിന്നും കേന്ദ്രത്തിന്റെ നയം വ്യക്തമാണെന്നും മുകുള്‍ റോഹാത്ഗി കോടതിയില്‍ പറഞ്ഞു. സ്വവര്‍ഗരതി കുറ്റകരമാക്കുന്ന 377-ാം വകുപ്പു പ്രകാരം “പ്രകൃതിവിരുദ്ധ” ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടവുശിക്ഷയും പിഴയുമാണു ലഭിക്കുക.

ഒരു നിയമവും പൗരന്റെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാകരുതെന്ന് ഹരജി പരിഗണിച്ചിരുന്ന മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.