| Saturday, 14th April 2012, 10:00 am

മോഡിക്ക് തിരിച്ചടി; ടീസ്തക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക വേണ്ടി പോരാടിയ ടീസ്ത സെതല്‍വാദിനെതിരെ മോഡി സര്‍ക്കാര്‍ നടത്തുന്ന കേസ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ശവക്കുഴികളില്‍ നിന്ന് നിയമവിരുദ്ധമായി പുറത്തെടുത്തെന്ന കേസ് നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവ്. കേസ് കെട്ടിച്ചമച്ചതാണെന്നും എഫ്.ഐ.ആറില്‍ തന്നെ അപാകതകളുണ്ടെന്നും കണ്ടെത്തിയാണ് കോടതി നടപടി.

2002ലെ ഗുജറാത്ത് കലാപത്തില്‍ പന്ധര്‍വാദയില്‍ കൊല്ലപ്പെട്ടവരെ പാനം നദീതീരത്ത് മറവുചെയ്തിരുന്നു. ഈ കുഴിമാടങ്ങള്‍ തുറന്ന് മൃതദേഹം പുറത്തെടുത്തുവെന്നാണ് തീസ്തയ്‌ക്കെതിരെയുള്ള കേസ്. ഇതുമായി ബന്ധപ്പെട്ട് പഞ്ച്മഹല്‍ ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കണമെന്ന തീസ്തയുടെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി നിരാകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അഫ്താബ് ആലവും രഞ്ജന പ്രകാശ് ദേശായിയുമടങ്ങുന്ന ബെഞ്ച് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത്.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും ടീസ്റ്റ സെറ്റല്‍വാദ് ചെയ്ത കുറ്റം തെളിഞ്ഞിട്ടുണ്ടെന്നും ഗുജറാത്ത് സര്‍ക്കാറിന്് വേണ്ടി ഹാജരായ പ്രമുഖ ബി.ജെ.പി നേതാവ് അഡ്വ. രവി ശങ്കര്‍ പ്രസാദ് ബോധിപ്പിച്ചെങ്കിലും നിലവിലുള്ള അവസ്ഥയില്‍നിന്ന് കേസ് മുന്നോട്ടുനീക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ട് വായിച്ചുനോക്കണമെന്നും ആ റിപ്പോര്‍ട്ട് തന്നെ മനുഷ്യാവകാശ ലംഘനമാണെന്നും രവിശങ്കര്‍ പ്രസാദിനോട് കോടതി പറഞ്ഞു.

എഫ്.ഐ.ആര്‍ തയാറാക്കിയ രീതിയിലും അവയില്‍ ഉള്‍ക്കൊള്ളിച്ച വിഷയങ്ങളിലും തങ്ങള്‍ അങ്ങേയറ്റം അസംതൃപ്തരാണ്. ബെഞ്ച് പറഞ്ഞു. കഴിഞ്ഞവര്‍ഷം മേയ് 27ന് ഗുജറാത്ത് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്താണ് ടീസ്റ്റ സെറ്റല്‍വാദ് സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരെ ഗുജറാത്ത് പൊലീസ് തയാറാക്കിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ടീസ്റ്റയുടെ ആവശ്യം അന്ന് ഗുജറാത്ത് ഹൈകോടതി തള്ളുകയായിരുന്നു.

ആദ്യം സെറ്റല്‍വാദ് പ്രതിയായിരുന്നില്ലെന്നും പിന്നീട് അന്വേഷണം നടത്തിയപ്പോഴാണ് കേസില്‍ അവരുടെ പങ്കാളിത്തം മനസ്സിലായതെന്നും ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചു. അവര്‍ക്കെതിരായ ആരോപണം തെളിയിക്കാന്‍ കേസില്‍ ഒരു സ്വതന്ത്ര സാക്ഷിയുണ്ടെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടു. എന്നാല്‍, കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. അതിനാല്‍ ഈ കേസില്‍ തുടര്‍ന്നുള്ള അന്വേഷണം നിര്‍ത്തിവെക്കണമെന്ന് തങ്ങള്‍ നിര്‍ദേശിക്കുകയാണെന്ന് കോടതി ഗുജറാത്ത് സര്‍ക്കാറിന്റെ അഭിഭാഷകനോട് പറഞ്ഞു. അപ്പോഴാണ് കേസ് അന്വേഷണം കഴിഞ്ഞെന്നും കുറ്റപത്രം സമര്‍പ്പിച്ചെന്നും രവി ശങ്കര്‍ പ്രസാദ് കോടതിയെ അറിയിച്ചത്. എങ്കില്‍ “ഇന്ന് ഏതവസ്ഥയിലാണോ കേസുള്ളത് ആ അവസ്ഥയില്‍ തുടര്‍നടപടി നിര്‍ത്തിവെക്കണമെന്നാ”യിരുന്നു കോടതിയുടെ മറുപടി.

ടീസ്റ്റക്കെതിരെ കെട്ടിച്ചമച്ച ഈ കേസ് കൊണ്ട് ഗുജറാത്ത് സര്‍ക്കാറിന് ഒന്നും നേടാനില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ഈ കേസിന് പുറമെ കലാപവുമായി ബന്ധപ്പെട്ട മറ്റു ചില കേസുകളിലും ഗുജറാത്ത് സര്‍ക്കാര്‍ ടീസ്റ്റയെ പ്രതി ചേര്‍ത്തിട്ടുണ്ട്.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more