| Monday, 16th September 2019, 4:03 pm

'സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണം സുപ്രീംകോടതി'; ഉദാഹരണമായി ചില വിധികള്‍; കാരണം എണ്ണിപ്പറഞ്ഞ് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നതില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. 2012-ല്‍ ടുജി സ്‌പെക്ട്രം കേസിലുണ്ടായ കോടതി വിധിയാണ് സാമ്പത്തികസ്ഥിതി ഇപ്പോള്‍ കാണുന്ന അവസ്ഥയിലെത്തിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഒറ്റയടിക്ക് അന്ന് 122 സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കി ടെലികോം വ്യവസായത്തെ കോടതി തകര്‍ത്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ദ ലീഫ്‌ലെറ്റ്’ എന്ന നിയമ വെബ്‌സൈറ്റില്‍ അഭിഭാഷകയായ ഇന്ദിരാ ജെയ്‌സിങ്ങിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ടുജി ലൈസന്‍സുകള്‍ തെറ്റായ രീതിയില്‍ വിതരണം ചെയ്തതിനു കാരണം അത് അനധികൃതമായി കൈയ്യില്‍ വെച്ച ആളുകളാണെന്ന് എനിക്കു മനസ്സിലാകും. പക്ഷേ വിദേശികള്‍ നിക്ഷേപം നടത്തുന്ന ലൈസന്‍സുകളാണ് അപ്പാടെ റദ്ദാക്കിയത്.

തങ്ങളുടെ ഇന്ത്യന്‍ പങ്കാളിക്ക് ലൈസന്‍സ് കിട്ടിയത് എങ്ങനെയാണെന്ന് ഒരിക്കലും ഒരു വിദേശിക്കു മനസ്സിലാകില്ല. കോടിക്കണക്കിന് ഡോളര്‍ വിദേശികള്‍ നിക്ഷേപം നടത്തിയ മേഖലയില്‍ അപ്പാടെ ലൈസന്‍സുകള്‍ റദ്ദാക്കിയതോടെയാണ് സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച തുടങ്ങിയത്.’- അദ്ദേഹം പറഞ്ഞു.

2010-ല്‍ ടുജി അഴിമതി കാരണം സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് 2012 ഫെബ്രുവരിയില്‍ 122 ലൈസന്‍സുകള്‍ റദ്ദാക്കിയത്.

11 ടെലികോം കമ്പനികള്‍ക്കു വേണ്ടി സാല്‍വെയാണ് അന്ന് സുപ്രീംകോടതിയില്‍ ഹാജരായത്. അദ്ദേഹത്തിന്റെ വാദങ്ങള്‍ അന്ന് കോടതി തള്ളിയിരുന്നു.

അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം 2017 ഡിസംബറില്‍ സി.ബി.ഐ വിചാരണക്കോടതി മുന്‍ കേന്ദ്രമന്ത്രിമാരും പ്രതികളുമായി എ. രാജ, കനിമൊഴി തുടങ്ങിയ 15 പേരെ കുറ്റവിമുക്തരാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാണിജ്യപരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുപ്രീംകോടതിക്കു സ്ഥിരതയില്ലെന്നും സാല്‍വേ ആരോപിച്ചു. ഇത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഒറ്റത്തവണ കൊണ്ടുതന്നെയാണ് കല്‍ക്കരി ഖനികള്‍ സുപ്രീംകോടതി റദ്ദാക്കിയത്. ഓരോ കേസിന്റെയും സാധുതകള്‍ പരിശോധിക്കാതെയായിരുന്നു അത്. കല്‍ക്കരി വ്യവസായത്തിലെ വിദേശ നിക്ഷേപം അതോടെ ഇല്ലാതായി.

അതോടെ എന്തു സംഭവിച്ചു? ഇന്തൊനേഷ്യന്‍ കല്‍ക്കരിക്കും ആഗോളതലത്തില്‍ കല്‍ക്കരിയുടെ വിലയ്ക്കും അതോടെ ഇടിവു സംഭവിച്ചു. ഇറക്കുമതി നടത്താന്‍ വളരെ എളുപ്പമായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലക്ഷക്കണക്കിനാളുകള്‍ ഇന്ത്യയില്‍ തൊഴില്‍രഹിതരായി. ഇന്ത്യയിലെ കല്‍ക്കരിഖനികള്‍ അടഞ്ഞുകിടന്നു. അതോടെ നമ്മള്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ഇത് സമ്പദ്‌വ്യവസ്ഥയ്ക്കു മേല്‍ സമ്മര്‍ദമുണ്ടാക്കി.’ അദ്ദേഹം പറഞ്ഞു.

1993 മുതല്‍ 2011 വരെ അനുവദിച്ച കല്‍ക്കരിപ്പാടങ്ങള്‍ 2014 ഓഗസ്റ്റിലാണ് സുപ്രീംകോടതി റദ്ദാക്കിയത്.

ഗോവയിലെ ഇരുമ്പയിര് ഖനികള്‍ റദ്ദാക്കിയ വിധിയെ മണ്ടത്തരമെന്നാണ് സാല്‍വെ വിളിച്ചത്. അതോടെ ഈ മേഖലയില്‍ നിന്ന് എല്ലാമാസവും സര്‍ക്കാരിന് 1,500 കോടി രൂപയുടെ നഷ്ടമുണ്ടായി.

ഒരുശതമാനം ജി.ഡി.പിയാണ് ഇതുവഴി ഇന്ത്യക്കു നഷ്ടമായതെന്നാണ് കേന്ദ്രത്തിന്റെ ഒരു മുതിര്‍ന്ന സെക്രട്ടറി പറഞ്ഞതെന്നും സാല്‍വെ ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more