ന്യൂദല്‍ഹി: സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. നേരത്തെ ഹൈക്കോടതിയുള്‍പ്പെടെ കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചത്.
ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അഡ്വ. ജെത്മലാനിയാണ് യു.പി സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്. കപില്‍ സിബല്‍ ആയിരുന്നു സിദ്ദീഖ് കാപ്പന് വേണ്ടി കോടതിയില്‍ വാദിച്ചത്.
കാപ്പനില്‍ നിന്നും യഥാര്‍ത്ഥത്തില്‍ എന്താണ് കണ്ടെത്തിയതെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം.
കാപ്പന്‍ 2020 സെപ്റ്റംബറില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നു. ഈ മീറ്റിങ്ങിലാണ് പാര്‍ട്ടി ഫണ്ടിങ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ സെന്‍സിറ്റീവായ പ്രദേശങ്ങളിലെത്തി കലാപങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു പാര്‍ട്ടി തീരുമാനം. ഒക്ടോബര്‍ അഞ്ചിന് ഈ സംഘം കലാപശ്രമവുമായി ഹത്രാസിലെത്തി. ഒരു മാധ്യമപ്രവര്‍ത്തകനെന്ന് പറഞ്ഞാണ് സിദ്ദീഖ് കാപ്പന്‍ പരിചയപ്പെടുത്തിയത്. പിന്നീട് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ജാര്‍ഖണ്ഡ് പോപ്പുലര്‍ ഫ്രണ്ടിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടു പോലുമുണ്ട്,’ എന്നായിരുന്നു യു.പി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. ജെത്മലാനയുടെ വാദം.
എന്നിരുന്നാലും എന്താണ് കാപ്പനില്‍ നിന്ന് കണ്ടെത്തിയതെന്ന് ചോദ്യം കോടതി വീണ്ടും ആവര്‍ത്തിച്ചിരുന്നു. ഇതോടെയാണ് കാപ്പനില്‍ നിന്നും കണ്ടെത്തിയത് ഏതാനും എഴുത്തുകളും ഐ.ഡി കാര്‍ഡുമാണെന്ന് അഡ്വ. ജെത്മലാനി വ്യക്തമാക്കിയത്. ഇതല്ലാതെ പൊട്ടിത്തെറിക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ലല്ലോ എന്നും പരിഹാസരൂപേണ അഭിഭാഷകനോട് കോടതി ചോദിച്ചിരുന്നു.
ഒരു പ്രകോപനവുമില്ലാതെ കാറില്‍ സമാധാനപരമായി സഞ്ചരിക്കുന്ന മൂന്ന് പേരെയാണ് ഒരു കാരണവുമില്ലാതെ 153എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.
അതേസമയം കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള എഴുത്തുകളായിരുന്നു അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നതെന്നായിരുന്നു അഭിഭാഷകന്റെ വാദം. ഈ എഴുത്തുകള്‍ എപ്രകാരമാണ് പ്രകോപനപരമായതെന്ന ചോദ്യത്തിന് എഴുത്തുകള്‍ ‘കലാപത്തിനുള്ള ടൂള്‍ക്കിറ്റ്’ ആയിരുന്നു എന്നാണ് അഭിഭാഷകന്റെ വാദം. ഹത്രാസ് പെണ്‍കുട്ടിക്ക് നീതി വേണമെന്ന തലക്കെട്ടോട് കൂടിയ എഴുത്തുകളായിരുന്നു അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നതെന്ന് സിദ്ദീഖ് കാപ്പന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇത്തരം എഴുത്തുകള്‍ ദളിത് വിഭാഗത്തിനിടയില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ കയ്യില്‍ കരുതിയതെന്നും പ്രചരിപ്പിക്കാന്‍ ശ്രമിച്ചതെന്നും ജെത്മലാനി പറഞ്ഞു.
എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന ഉദ്ദേശത്തോട് കൂടിയാണ് കാപ്പന്‍ ഹത്രാസിലേക്ക് തിരിച്ചതെന്നും യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2012 ഇന്ത്യാ ഗേറ്റിന് സമാനമായ ഒരു പ്രതിഷേധം നടന്നിരുന്നുവെന്നും അതാണ് പിന്നീട് നിയമഭേദഗതിക്ക് വരെ വഴിവെച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
കാപ്പനെതിരെയുണ്ടായ അറസ്റ്റ് പ്രോസിക്യൂഷനല്ല പീഡനമാണെന്നായിരുന്നു കാപ്പന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞത്.
Content Highlight: Supreme court slams Uttarpradesh government for filing case against siddique kappan