ന്യൂദല്‍ഹി: ബക്രീദിനായി ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഉത്തര്‍പ്രദേശിലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി പറഞ്ഞു.
ടി.പി.ആര്‍. 15 ന് മുകളിലുള്ള ഡി കാറ്റഗറിയില്‍ എന്തിന് ഇളവ് കൊടുത്തുവെന്നും ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.ആര്‍. ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മതപരമോ അല്ലാതെയോ ഉള്ള സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും ജീവിക്കാനുള്ള മൗലികാവകാശത്തെ തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. സ്ഥിതി ഗുരുതരമായാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഈ നയങ്ങളുടെ ഫലമായി, അനിയന്ത്രിതമായ രീതിയില്‍ രോഗം പടര്‍ന്നുപിടിക്കുകയാണെങ്കില്‍, പൊതുജനങ്ങള്‍ക്ക് തങ്ങളെ സമീപിക്കാമെന്നും വിഷയത്തില്‍ തക്കതായ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
മൂന്ന് ദിവസത്തെ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി മലയാളി പി.കെ.ഡി. നമ്പ്യാര്‍ ആണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് നാളെ വാദം കേള്‍ക്കാനിരിക്കുന്ന ഹരജിയില്‍ ഇന്നുതന്നെ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തേക്കാണ് ഇളവുകള്‍ നല്‍കിയത്. 18,19,20 എന്നീ തീയതികളിലാണ് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.