തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി അസം പൗരത്വ പട്ടിക തയാറാക്കുന്നത് നിര്‍ത്തിവെക്കരുത്; കേന്ദ്രസര്‍ക്കാറിനെതിരെ സുപ്രിം കോടതി
national news
തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി അസം പൗരത്വ പട്ടിക തയാറാക്കുന്നത് നിര്‍ത്തിവെക്കരുത്; കേന്ദ്രസര്‍ക്കാറിനെതിരെ സുപ്രിം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th February 2019, 6:25 pm

ന്യൂദല്‍ഹി: അസം പൗരത്വ പട്ടിക തയാറാക്കുന്നതില്‍ ഇടവേള ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. ആഭ്യന്തര മന്ത്രാലയം എന്‍.ആര്‍.സിയെ നശിപ്പിക്കുകയാണെന്നും സുപ്രിം കോടതി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി അസം പൗരത്വ പട്ടിക തയാറാക്കുന്നത് തല്‍ക്കാലികമായി നിര്‍ത്തിവെക്കരുതെന്നും പട്ടിക തയാറാക്കുന്നതില്‍ കാലതാമസം വരുത്താന്‍ ആഭ്യന്തര മന്ത്രാലയം എല്ലാ ഒഴികഴിവുകളുമായും വരുന്നുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് രോഹിന്‍ടണ്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Read Also : മാരാര് ഇന്ദുചൂഡന് വേണ്ടി വാദിക്കാന്‍ പോകരുത്; മോഹന്‍ലാലിന്റെ നിലപാടില്‍ സംഘപരിവാറിനെ ട്രോളി സോഷ്യല്‍ മീഡിയ

പൗരത്വ പട്ടികയുടെ പ്രക്രിയയെ തകര്‍ക്കുക എന്നതിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവന്‍ ശ്രമവും. ആഭ്യന്തര സെക്രട്ടറിയെ വിളിച്ചുവരുത്തണോ? എ.ജിയും എസ്.ജിയും ശരിയായി കാര്യങ്ങള്‍ സംഗ്രഹിക്കാതെയാണ് കോടതിയിലെത്തിയത്- ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

പൗരത്വ പട്ടിക പൂര്‍ത്തീകരിക്കാന്‍ കോടതി കേന്ദ്രത്തിന് ജൂലൈ വരെ സമയം നല്‍കിയിരുന്നു. ഇത് നീട്ടി നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. പൗരത്വ പട്ടികക്കായി നിയോഗിച്ച സൈന്യത്തെ തെരഞ്ഞെടുപ്പ് സമയത്ത് ആവശ്യമുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രധാനവാദം. എന്നാല്‍ സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല. സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനാണ് പൗരത്വ പട്ടിക തയാറാക്കുന്നത്. മാര്‍ച്ച് ആദ്യ വാരം കോടതി കേസ് വീണ്ടും പരിഗണിക്കും.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം മുതല്‍ അസമിലേക്ക് ബംഗ്ലാദേശില്‍ നിന്ന് വലിയ തോതില്‍ അനധികൃത കുടിയേറ്റങ്ങള്‍ നടന്നെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 1951ലാണ് അവസാനമായി എന്‍.ആര്‍.സി. പുതുക്കിയത്. ഇതിനുശേഷം പട്ടിക തയ്യാറാക്കാന്‍ മുന്നിട്ടിറങ്ങുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് അസം. 1951ല്‍ ആദ്യ ആദ്യ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമ്പോള്‍ അസമില്‍ 80 ലക്ഷമായിരുന്നു ജനസംഖ്യ.