ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി.
രാജ്യമെമ്പാടുമുള്ള ട്രൈബ്യൂണലുകളിലേക്കുള്ള ശുപാര്‍ശകളിലെ നിയമനം സംബന്ധിച്ചായിരുന്നു വിമര്‍ശനം.
ട്രൈബ്യൂണല്‍ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് രണ്ടാഴ്ച സമയം സുപ്രീംകോടതി നല്‍കിയിട്ടുണ്ട്.
” നമ്മള്‍ ഒരു ജനാധിപത്യ രാജ്യമാണ്. നിങ്ങള്‍ നിയമവാഴ്ച പാലിക്കണം,” ഹിയറിംഗിനിടെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.
നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ നിയമനങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്, ഒരുപാട് ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് ഏതുതരം തെരഞ്ഞെടുപ്പാണ് നടന്നിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് രമണ ചോദിച്ചു.
ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ അംഗങ്ങളുടെ കാര്യത്തിലും സമാനമായ കാര്യം തന്നെ നടന്നുവെന്നും കോടതി പറഞ്ഞു.
” ഞാനും എന്‍.സി.എല്‍.ടി സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമാണ്. ഞങ്ങള്‍ 544 പേരെ ഇന്റര്‍വ്യൂ ചെയ്തു. അതില്‍ 11 ജുഡീഷ്യല്‍ അംഗങ്ങളുടെയും 10 ടെക്‌നിക്കല്‍ അംഗങ്ങളുടെയും പേരുകള്‍ നല്‍കി. ഈ ശുപാര്‍ശകളില്‍ നിന്നും ചിലരെ മാത്രമാണ് സര്‍ക്കാര്‍ നിയമിച്ചത്. ബാക്കിയുള്ള പേരുകള്‍ വെയ്റ്റ് ലിസ്റ്റിലേക്ക് പോയി, ”അദ്ദേഹം പറഞ്ഞു.
അഭിമുഖം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ട് കൊവിഡിന്റെയിടയിലും തങ്ങള്‍ രാജ്യമെമ്പാടും സഞ്ചരിച്ചുവെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന്റെ സമീപനം വളരെ നിര്‍ഭാഗ്യകരമാണെന്നും തങ്ങളുടെ സമയം പാഴാക്കുകയായിരുന്നോ എന്നും ചോദിച്ചു.
അതേസമയം, ചില ശുപാര്‍ശള്‍ പിന്തുടരാതിരിക്കാന്‍ സര്‍ക്കാരിന്അ വകാശമുണ്ടെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതയില്‍ മറുപടിയായി പറഞ്ഞത്.
കഴിഞ്ഞയാഴ്ച, രാജ്യത്തുടനീളമുള്ള ട്രൈബ്യൂണലുകളിലും അര്‍ദ്ധ-ജുഡീഷ്യല്‍ ബോഡിയിലും ഉള്ള ധാരാളം ഒഴിവുകള്‍ സംബന്ധിച്ച് സുപ്രീം കോടതി സര്‍ക്കാരിന് താക്കീത് കൊടുത്തിരുന്നു. സര്‍ക്കാരിന് ഈ കോടതിയോട് ബഹുമാനമില്ലെന്ന് തങ്ങള്‍ കരുതുന്നതെന്നും സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Supreme Court Slams Centre For “Cherry Picking” Names For Tribunals