ന്യൂദല്‍ഹി: രാജ്യത്ത് വര്‍ധിച്ച് വരുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. മുസ്‌ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വിദ്വേശ പ്രസംഗങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്തിനാണെന്നും സുപ്രീം കോടതി ചോദിച്ചു.
പാകിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്നത് ഈ രാജ്യത്തെ പൗരന്മാരുടെ അന്തസ് ചോദ്യം ചെയ്യുന്ന നടപടിയാണെന്നും സ്വന്തം സഹോദരങ്ങളോടാണ് ഇക്കാര്യം പറയുന്നതെന്ന ബോധം ജനങ്ങള്‍ക്കുണ്ടാവണമെന്നും സുപ്രീം കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെതിരായ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ മാത്രമേ വിദ്വേഷ പ്രസംഗങ്ങളും ആക്രമണങ്ങളും രാജ്യത്ത് അവസാനിക്കൂവെന്നും സര്‍ക്കാരുകള്‍ കാര്യമായ നടപടികള്‍ കൈകൊള്ളണമെന്നും ബെഞ്ച് നിരീക്ഷിച്ചു.
‘രാജ്യം വിദ്വേഷത്തിന്റെ പടുകുഴിയില്‍ അകപ്പെട്ടിരിക്കുന്നു. മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ മാത്രമേ ഈയൊരവസ്ഥ മാറുകയുള്ളൂ. മതത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയാഗിക്കുകയാണ് നേതാക്കള്‍ ചെയ്യുന്നത്. എന്ത് കൊണ്ടാണ് വര്‍ധിച്ച് വരുന്ന വിദ്വേശ പ്രസംഗങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ കൈകൊള്ളാത്തത്.
അടിസ്ഥാനമായി ഒരു മനുഷ്യന് വേണ്ടത് സ്വാഭിമാനമാണ്. പക്ഷെ ഏതെങ്കിലും രാഷ്ട്രീയക്കാരുടെ പ്രസ്താവനയുടെ പേരില്‍ ഒരു പൗരന്റെ അന്തസ് ഇല്ലാതാക്കുന്ന നടപടി അംഗീകാരിക്കാനാവില്ല. പാകിസ്ഥാനിലേക്ക് പോകൂ എന്ന പരാമര്‍ശം സ്വന്തം സഹോദരങ്ങളോടാണ് പറയുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്.
ഈ രാജ്യത്തെ തെരഞ്ഞെടുത്ത ജനങ്ങളോടാണ് ഇങ്ങനെയൊക്കെ പറയുന്നത്. എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്ന പ്രതിജ്ഞ സ്‌കൂളില്‍ പഠിച്ചതൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്,’ ജസ്റ്റിസ് ജോസഫ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം കേസില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതി തീരുമാനത്തെ എതിര്‍ത്ത് കൊണ്ടും രംഗത്തെത്തി.
ന്യൂനപക്ഷങ്ങളും വിദ്വേശ പ്രസംഗങ്ങള്‍ നടത്താറുണ്ടെന്നും അക്കാര്യത്തിലും കോടതി കൃത്യമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. തമിഴ്‌നാട്ടിലും കേരളത്തിലും ഹിന്ദുക്കള്‍ക്കെതിരെ വിദ്വേശ പ്രസംഗങ്ങള്‍ നടന്നിട്ടുണ്ടെന്നും കോടതി അവ കാണാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Supreme court slams central government on hate speech