ന്യൂദല്‍ഹി: ചരിത്ര സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ഹരജിയില്‍ ബി.ജെ.പി നേതാവ് അശ്വിനി കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഇന്ത്യയിലെ പല ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും അധിനിവേശ രാജാക്കന്മാരുടെ പേരിലാണെന്നും ഇവ മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അഭിഭാഷകന്‍ കൂടിയായ അശ്വിനി കുമാര്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്.
ഈ കേസില്‍ വിധിപറയുന്നതിനിടയിലാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് അശ്വിനി കുമാറിനെ വിമര്‍ശിച്ചത്.
ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ഹരജി എന്ന് നിരീക്ഷിച്ച കോടതി രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും സമൂഹത്തില്‍ നാശം വിതക്കാനല്ല കോടതിയെന്നും അഭിപ്രായപ്പെട്ടു.
‘നിങ്ങളുടെ പ്രവര്‍ത്തികള്‍ രാജ്യത്ത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും. ഭരണഘടന ഉറപ്പ് നല്‍കുന്ന മതേതരത്വം നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഭൂതകാലത്തിന്റെ ഭാരം ഇന്നത്തെ തലമുറ ചുമക്കേണ്ട ഗതികേട് ഉണ്ടാക്കി വെക്കരുത്. നിങ്ങളുടെ ഓരോപ്രവര്‍ത്തിയും രാജ്യത്ത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവും,’ ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു.
ഇന്ത്യക്കാരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന കൊളോണിയല്‍ തന്ത്രത്തോടാണ് ഹരജിയെ കോടതി താരതമ്യം ചെയതത്. പരാതി പ്രത്യേക സമുദായത്തെ ലക്ഷ്യം വെക്കുന്നതാണെന്നും കോടതി ആരോപിച്ചു.
‘നമ്മുടെ രാജ്യം നിരവധി പ്രതിസന്ധികള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഹിന്ദുമതം ഒരു ജീവിത രീതി കൂടിയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനാണ് അത് അനുശാസിക്കുന്നത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം നമ്മുടെ രാജ്യത്തെ ഒരിക്കല്‍ കീറിമുറിച്ചതാണ്.
ഇനിയുമത് തിരിച്ച് വരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. നിങ്ങള്‍ മനപൂര്‍വ്വം ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇന്ത്യ ഒരു മതേതരത്വ രാജ്യമാണെന്നത് നിങ്ങള്‍ മറക്കരുത്. രാജ്യം വീണ്ടും തിളച്ചുമറിയണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്,’ ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
തുടര്‍ന്ന് അശ്വിനി കുമാര്‍ തന്റെ പരാതി പിന്‍വലിക്കാന്‍ ശ്രമം നടത്തിയെങ്കിലും അനുമതി നിഷേധിച്ച ബെഞ്ച് ഹരജി തളളിയതായി പ്രഖ്യാപിക്കുകയായിരുന്നു.