വെറുതെ കോടതിയുടെ ക്ഷമ പരീക്ഷിക്കാന്‍ നില്‍ക്കരുത്; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
national news
വെറുതെ കോടതിയുടെ ക്ഷമ പരീക്ഷിക്കാന്‍ നില്‍ക്കരുത്; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th September 2021, 3:49 pm

ന്യൂദല്‍ഹി: ട്രിബ്യൂണലുകളിലും അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളിലും ആവശ്യമായ നിയമനങ്ങള്‍ നടത്താത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരീക്ഷിക്കാന്‍ നില്‍ക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു.

സര്‍ക്കാരിന് കോടതിയോട് ഒരു ബഹുമാനവുമില്ലെന്ന് പറഞ്ഞ എന്‍.വി. രമണ, ഒരാഴ്ചക്കുള്ളില്‍ ഒഴിഞ്ഞ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്രവുമായി വെറുതെ ഏറ്റുമുട്ടാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമത്തിനെതിരെ കോണ്‍ഗ്രസ് എം.പി ജയറാം രമേശ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.

നേരത്തെ ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി തന്നെ റദ്ദാക്കിയ നിയമങ്ങളിലെ വ്യവസ്ഥകളാണ് പുതിയ പരിഷ്‌കരണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുകൊണ്ടുവരുന്നതെന്നായിരുന്നു ജയറാം രമേശ് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

9 പ്രധാന ട്രിബ്യൂണലുകള്‍ റദ്ദാക്കുന്ന ഈ നിയമം ട്രിബ്യൂണല്‍ അംഗങ്ങളുടെ നിയമനം, ശമ്പളം, സേവന വ്യവസ്ഥകള്‍ എന്നിവക്ക് മേല്‍ സര്‍ക്കാരിന് പൂര്‍ണ അധികാരം നല്‍കുന്നതാണെന്നും ഇത് ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുമെന്നുമായിരുന്നു ജയറാം രമേശ് പറഞ്ഞത്.

ഹരജിയില്‍ വാദം നടക്കവേ, ട്രിബ്യൂണലുകളിലേക്കുള്ള നിയമനം നടത്താന്‍ രണ്ട് മാസമെടുക്കുമെന്നാണ് ധനകാര്യ മന്ത്രാലയം പറയുന്നതെന്ന് സോൡിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചതാണ് ചീഫ് ജസ്റ്റിസടക്കമുള്ളവരുടെ രോഷത്തിനിടയാക്കിയത്.

‘രണ്ട് വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുണ്ടല്ലോ. ആ നിയമനങ്ങള്‍ എന്താണ് നടത്താത്തത്? നിയമനങ്ങള്‍ നടത്താതെ ട്രിബ്യൂണലുകളെ ദുര്‍ബലമാക്കുകയാണ് നിങ്ങള്‍,’ ജസ്റ്റിസ് എല്‍. നാഗേശ്വര റാവു പറഞ്ഞു.

കേന്ദ്രത്തിന്റെ ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമത്തിനോടും കോടതി അതൃപ്തി പ്രകടിപ്പിച്ചു. നേരത്തെയുണ്ടാക്കിയ നിര്‍ദേശങ്ങളും നിയമങ്ങളും നടപ്പിലാക്കാതെ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

ഒന്നിനുപിന്നാലെ ഒന്നായി ഇങ്ങനെ നിയമമുണ്ടാക്കാന്‍ നിങ്ങളാണോ സര്‍ക്കാരിനോട് പറയുന്നതെന്നും കോടതി സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു.

മൂന്ന് നിര്‍ദേശങ്ങളാണ് ജസ്റ്റിസ് എന്‍.വി. രമണ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. പുതിയ ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമം സ്റ്റേ ചെയ്യുകയും നിയമനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നതാണ് ആദ്യ നിര്‍ദേശം. അതിന് പറ്റില്ലെങ്കില്‍ ട്രിബ്യൂണലുകള്‍ തന്നെ നിര്‍ത്തലാക്കൂവെന്നാണ് കോടതി പറയുന്നത്.

ഇത് രണ്ടും സാധിക്കില്ലെങ്കില്‍ ട്രിബ്യൂണല്‍ നിയമനങ്ങള്‍ കോടതി നേരിട്ട് നിയമനം നടത്തുമെന്നും കോടതി മൂന്നാമതായി പറഞ്ഞു. ‘മറ്റൊരു മാര്‍ഗം കൂടിയുണ്ട്. അത് നിങ്ങള്‍ക്കെതിരെ(സര്‍ക്കാരിനെതിരെ) കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുക എന്നതാവും,’ ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു.

നേരത്തെയും ട്രിബ്യൂണലുകളുടെ പ്രധാന്യത്തെ കുറിച്ച് എന്‍.വി. രമണ സംസാരിച്ചിരുന്നു. ട്രിബ്യൂണലുകള്‍ സാമ്പത്തിമേഖലയ്ക്ക് വരെ ഏറെ പ്രധാനപ്പെട്ടതാണെന്നും ഇവയിലെ നിയമനങ്ങള്‍ വൈകുന്നത് വിവിധ മേഖലകളിലെ കേസുകള്‍ പരിഹരിക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയാണെന്നും എന്‍.വി. രമണ നേരത്തെ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Supreme Court slams BJP central govt in delay in tribunal appointments