ന്യൂദല്‍ഹി: സ്ത്രീകളിലെ ചേലാകര്‍മ്മത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. വ്യക്തിയുടെ സ്വകാര്യതയ്ക്ക് മേല്‍ നടത്തുന്ന കടന്നുകയറ്റമാണ് ചേലാകര്‍മ്മമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
സുരക്ഷിതമല്ലാത്തതും വൃത്തിഹീനവുമായ സാഹചര്യങ്ങളില്‍ നടത്തുന്ന ഇത്തരം ആചാരങ്ങള്‍ സ്ത്രീകളുടെ ആരോഗ്യത്തിനും അവരുടെ ജീവിക്കാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്നാണ് കോടതി വിലയിരുത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
സ്ത്രീകള്‍ക്കിടയില്‍ നടത്തുന്ന ചേലാകര്‍മ്മം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക സുനിത തിവാരി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളില്‍ നടത്തപ്പെടുന്ന ചേലാകര്‍മ്മം നിരോധിക്കണമെന്നും അത്തരം ആചാരങ്ങള്‍ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹരജി.
മുസ്‌ലിം സമുദായത്തിനുള്ളില്‍ തന്നെ ചേലാകര്‍മ്മം നടത്തുന്നതിനോട് ശക്തമായ വിയോജിപ്പുകള്‍ ഉണ്ടെന്ന് ഹരജിയില്‍ പറയുന്നുണ്ട്.
ഭര്‍ത്താവിന്റെയോ മറ്റ് കുടുംബാംഗങ്ങളുടെയോ നിര്‍ബന്ധ പ്രകാരം സ്ത്രീകള്‍ ചേലാകര്‍മ്മം നടത്തേണ്ട ആവശ്യമില്ല. സ്ത്രീകള്‍ക്കും അസ്തിത്വം ഉണ്ട്. അവര്‍ വെറും വളര്‍ത്തുമൃഗങ്ങളല്ലെന്നും കോടതി പറഞ്ഞു.
അതേസമയം രാജ്യത്ത് ചേലാകര്‍മ്മം നടക്കുന്നതായി ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ആചാരത്തിന്റെയും കാലങ്ങളായി പിന്തുടര്‍ന്നുവരുന്ന വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ ചേലാകര്‍മ്മം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകള്‍ കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്.
കേസില്‍ ഇന്ന് കോടതി വാദം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.