| Monday, 9th October 2017, 5:48 pm

ഹാദിയ കേസ് 30 ലേക്ക് മാറ്റി; ഹാദിയയെ കാണണമെന്ന വനിതാ കമ്മീഷന്റെ ആവശ്യം സുപ്രീം കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് സുപ്രീം കോടതി 30 ലേക്ക് മാറ്റി. ഹാദിയയെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അനുവദിക്കണമെന്ന വനിതാ കമ്മീഷന്റെ ആവശ്യം സുപ്രീംകോടതി അനുവദിച്ചില്ല.

കേസ് പരിഗണിക്കുന്നതിനിടെ എന്‍.ഐ.എ അഭിഭാഷകന്‍ മനീന്ദര്‍ സിംഗും ഷെഫീന്‍ ജഹാന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. കേസ് ബി.ജെ.പി നേതൃത്വം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും അമിത് ഷാ അടക്കമുള്ളവര്‍ കേരളത്തില്‍ പോയി കേരളത്തില്‍ ലൗ ജിഹാദാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ദുഷ്യന്ത് ദവെ കോടതിയില്‍ പറഞ്ഞു.


Also Read: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അമിത് ഷായോട് ആനന്ദിബന്‍ പട്ടേല്‍


തുടര്‍ന്ന് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് ഈ മാസം മുപ്പതിലേക്ക് മാറ്റുകയായിരുന്നു. വിവാഹം റദ്ദാക്കിയതിന്റെ കൂടുതല്‍ നിയമ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീകോടതി പറഞ്ഞു. നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് കഴിയുമോയെന്ന് സുപ്രീം കോടതി ചോദ്യമുന്നയിച്ചിരുന്നു.

ഹാദിയയെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടും രണ്ടാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. രണ്ടും രണ്ടും സംഭവങ്ങള്‍ തന്നെയാണ്. രണ്ടിലും അന്വേഷണം നടക്കട്ടെ. ഹാദിയയ്ക്ക് പറയാനുള്ളത് കോടതി കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more