|

വിദ്യാർത്ഥി ആത്മഹത്യകൾ വർധിക്കുന്നു; കോളേജുകളിലെ മാനസികാരോഗ്യ ആശങ്കകൾ പരിഹരിക്കുന്നതിന് ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന മാനസികാരോഗ്യ ആശങ്കകൾ പരിഹരിക്കുന്നതിനും വർധിച്ചുവരുന്ന ആത്മഹത്യകൾ തടയുന്നതിനുമായി ദേശീയ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിന്റെ നേതൃത്വത്തിലാണ് ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്.

കാർഷിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണത്തേക്കാൾ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ കൂടുതലാണെന്ന് ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് ചൂണ്ടിക്കാട്ടി.

രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ ആത്മഹത്യാ സംഭവങ്ങളെക്കുറിച്ച് ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പരാമർശിച്ചു. ‘സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ വർധിക്കുന്നെന്നും, ക്യാമ്പസുകളിലെ വിദ്യാർത്ഥികളുടെ മാനസികാരോഗ്യ ആശങ്കകൾ പരിഹരിക്കുന്നതിലും ആത്മഹത്യയിലേക്ക് അവരെത്തുന്നത് തടയാനും നിലവിൽ നിയമപരമായ ഒരു ചട്ടക്കൂടില്ല. വിദ്യാർത്ഥികളെ സ്വന്തം ജീവൻ എടുക്കാൻ പ്രേരിപ്പിക്കുന്ന വിവിധ ഘടകങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് കൂടുതൽ ശക്തവും സമഗ്രവും പ്രതികരണശേഷിയുള്ളതുമായ ഒരു സംവിധാനത്തിന്റെ അടിയന്തിര ആവശ്യകതയുണ്ട്,’ ബെഞ്ച് തിങ്കളാഴ്ച പറഞ്ഞു.

തുടർന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യാ പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു ഇന്റർ ഡിസിപ്ലിനറി സമീപനം ഉറപ്പാക്കുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി കോടതി 10 അംഗ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയായിരുന്നു.

റാഗിങ്ങ്, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, ലിംഗപരമായ വിവേചനം, ലൈംഗിക പീഡനം, അക്കാദമിക് സമ്മർദ്ദം, സാമ്പത്തിക ഭാരം, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വംശീയത, മതവിശ്വാസം അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങൾ എന്നിവ ഉൾപ്പെടെ വിദ്യാർത്ഥികളുടെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ തിരിച്ചറിയുന്ന ഒരു സമഗ്ര റിപ്പോർട്ട് ടാസ്‌ക് ഫോഴ്‌സ് തയ്യാറാക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ വേണ്ടവിധത്തിൽ അഭിസംബോധന ചെയ്യപ്പെടുന്നുണ്ടോ എന്നും ടാസ്‌ക് ഫോഴ്‌സ് അന്വേഷിക്കും.

ഐ.ഐ.ടി ദൽഹിയിൽ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന രണ്ട് വിദ്യാർത്ഥികളുടെ മാതാപിതാക്കൾ സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ തള്ളാനുള്ള ദൽഹി ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള വിധിന്യായത്തിലാണ് സുപ്രീം കോടതി ഈ തീരുമാനമെടുത്തത്.

യഥാർത്ഥ വസ്തുതകൾ മറച്ചുവെക്കാൻ ഐ.ഐ..ടി ഫാക്കൽറ്റി അംഗങ്ങൾ ഗൂഢാലോചന നടത്തിയെന്ന് കൊല്ലപ്പെട്ട ആയുഷ് അഷ്ന, അനിൽ കുമാർ എന്നീ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഹരജിയിൽ പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ, ദൽഹി ഐ.ഐ.ടിയിലെ ഫാക്കൽറ്റിയുടെ ജാതി വിവേചനത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാൻ ദൽഹി ഐ.ഐ.ടി ശ്രമിച്ചുവെന്നും ഹരജിയിൽ പറയുന്നു.

Content Highlight: Supreme Court sets up task force to address student suicides, says they have surpassed farmer suicides