national news
വേദാന്തയ്ക്ക് തിരിച്ചടി; തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 18, 05:48 am
Monday, 18th February 2019, 11:18 am

ന്യൂദല്‍ഹി: വേദാന്തയുടെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കാനുള്ള ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹരിത ട്രിബ്യൂണല്‍ ഉത്തരവനുസരിച്ച് പ്ലാന്റ് തുറക്കുന്നതിന് തമിഴ്നാട് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വേദാന്ത ഗ്രൂപ്പ് നല്‍കിയ ഹരജിയാലാണ് കോടതിയുടെ ഉത്തരവ്.

ഉത്തരവിറക്കാന്‍ ഹരിത ട്രിബ്യൂണലിന്റെ പരിധിയില്‍പ്പെടുന്നതല്ല കേസെന്നും കോടതി പറഞ്ഞു. പ്ലാന്റ് ഉടന്‍ തുറക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ കോടതി വേദാന്തയോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും പറഞ്ഞു.

മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്ലാന്റ് തുറക്കാനുള്ള പുതുക്കിയ ഉത്തരവ് കമ്പനിക്കു കൈമാറാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നിര്‍ദേശം നല്‍കുകയാണ് ഹരിത ട്രിബ്യൂണല്‍ ഉത്തരവിലൂടെ ചെയ്തിരുന്നത്.

മലിനീകരണം ഉണ്ടാക്കുന്ന വേദാന്തയുടെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് ഉടന്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്കെതിരെയുള്ള പൊലീസ് വെടിവെപ്പില്‍ മേയില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്ലാന്റ് അടിയന്തരമായി അടച്ചുപൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടത്.

ഇന്ത്യയുടെ ചെമ്പുല്‍പാതനത്തിന്റെ 40 ശതമാനം കൈകാര്യം ചെയ്യുന്നത് സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് ആണ്. വെടിവെപ്പിനെ തുടര്‍ന്ന് അന്തരാഷ്ട്ര തലത്തിലും വേദാന്തയ്ക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത കമ്പനിക്കെതിരെ ലണ്ടനിലെ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്നു. വേദാന്തയെ ലണ്ടന്‍ സ്റ്റോക്ക് എക്സ്ച്ചേഞ്ചില്‍ നിന്നും നീക്കം ചെയ്യണമെന്ന് ലണ്ടനിലെ ലേബര്‍ പാര്‍ട്ടിയും ആവശ്യപ്പെട്ടിരുന്നു.