ന്യൂദല്‍ഹി: സുദീപ് തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി വിലക്കിയ പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് നല്‍കി സുപ്രീം കോടതി. മറ്റ് സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടല്ലോയെന്നും ബംഗാളിന് മാത്രമെന്താണ് പ്രശ്‌നമെന്നും സുപ്രീം കോടതി ചോദിച്ചു.
നിര്‍മാതാക്കള്‍ നല്‍കിയ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് അടുത്ത വാദം ബുധനാഴ്ച കേള്‍ക്കുമെന്നും അറിയിച്ചു.
‘രാജ്യത്ത് മറ്റെല്ലായിടത്തും സിനിമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പശ്ചിമ ബംഗാള്‍ വ്യത്യസ്തമല്ല. പിന്നെന്തിനാണ് ഇവിടെ മാത്രം സിനിമ നിരോധിക്കുന്നത്. സിനിമ കാണാന്‍ കൊള്ളില്ലെങ്കില്‍ ആളുകള്‍ കാണാന്‍ പോകില്ലെന്ന് തീരുമാനിക്കും. എന്തുകൊണ്ടാണ് ബംഗാളില്‍ മാത്രം സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്തത്,’ സുപ്രീം കോടതി പറഞ്ഞു.
ബംഗാളില്‍ സിനിമയെ വിലക്കിയെന്നും തമിഴ്‌നാട്ടില്‍ സിനിമക്കെതിരെ അപ്രഖ്യാപിത വിലക്കുണ്ടെന്നുമുള്ള പരാതിയുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് സംരക്ഷണം വേണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്ന് ദിവസം ഒരു പ്രശ്‌നവുമില്ലാതെ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും അതിന് ശേഷമാണ് നിരോധനമേര്‍പ്പെടുത്തിയതെന്നും നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിഷ് സാല്‍വെ പറഞ്ഞു.
‘സിനിമ പ്രദര്‍ശിപ്പിക്കുന്ന ദിവസം തന്നെ പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി സിനിമക്കെതിരെ പ്രസ്താവന ഇറക്കി. സിനിമ ഒരു വിഭാഗത്തിനെതിരെയാണെന്നും അവര്‍ പറഞ്ഞു. മൂന്ന് ദിവസം ഒരു പ്രശ്‌നവുമില്ലാതെ പ്രദര്‍ശിപ്പിച്ച ശേഷം സിനിമ നിരോധിക്കുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ സിനിമക്ക് അപ്രഖ്യാപിത വിലക്കും നിലനില്‍ക്കുന്നുണ്ട്. തിയേറ്റര്‍ ഉടമകള്‍ പേടി കാരണം സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്നു,’ അദ്ദേഹം പറഞ്ഞു.
അതേസമയം, ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെന്ന് പശ്ചിമ ബംഗാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഡോ. അഭിഷേക് മനു സിങ്‌വി പറഞ്ഞു.
‘കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഹൈക്കോടതിയില്‍ പരിഹരിക്കാന്‍ സുപ്രീം കോടതി പറഞ്ഞിരുന്നു. അതുകൊണ്ട് നിര്‍മാതാക്കളോട് ഹൈക്കോടതിയെ സമീപിക്കാന്‍ പറയണം. ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
നേരത്തെ കേരള സ്‌റ്റോറി നിരോധിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മമത സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.
കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സ് ഉടമകളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്.
content highlight: supreme court send notice to west bangal