വിവി പാറ്റ് പ്രവര്‍ത്തനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കൂടുതല്‍ വിശദീകരണം തേടി സുപ്രീം കോടതി
national news
വിവി പാറ്റ് പ്രവര്‍ത്തനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കൂടുതല്‍ വിശദീകരണം തേടി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th April 2024, 12:06 pm

ന്യൂദല്‍ഹി: വിവി പാറ്റ് പ്രവര്‍ത്തനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കൂടുതല്‍ വിശദീകരണം തേടി സുപ്രീം കോടതി. മെഷീനിലെ കണ്‍ട്രോളിങ് യൂണിറ്റ് പ്രത്യേകം സീല്‍ ചെയ്തതാണോയെന്ന് സുപ്രീം കോടതി ചോദിച്ചു.

പ്രധാനമായും അഞ്ച് ചോദ്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ചോദിച്ചത്. ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി ഇതിന് മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി.

വിവി പാറ്റ് വിഷയവുമായി ബന്ധപ്പെട്ട ഹരജികളില്‍ ചൊവ്വാഴ്ച 10 മണിയോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതിനിടെയാണ് മെഷീനിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.

വിവി പാറ്റില്‍ പ്രത്യേകം സീല്‍ ചെയ്ത മൈക്രോ കണ്‍ട്രോളിങ് യൂണിറ്റ് ഉണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചു. ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ എത്രയെണ്ണമുണ്ട്. വോട്ടിങ് മെഷീന്‍ സീല്‍ ചെയ്ത് സൂക്ഷിക്കുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റും സീല്‍ ചെയ്യാറുണ്ടോ. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ഡാറ്റ 48 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ട കാര്യമുണ്ടോ. ഈ ചോദ്യങ്ങളാണ് സുപ്രീം കോടതി ചോദിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ രണ്ട് മണിയോടെ നേരിട്ട് ഹാജരായി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും സുപ്രീം കോടതി അറിയിച്ചു. എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

Content Highlight: Supreme Court seeks more clarification on VV Pat